അണ്ടര്‍ 19 ലെവലിലും ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റിലും മികവ് തെളിയിച്ച പല താരങ്ങളും ഇത്തവണ അമേരിക്കയുടെ ദേശീയ ടീമില്‍ കളിക്കുന്നുണ്ട്. ഇവരില്‍ ഏറ്റവും ശ്രദ്ധ പിടിച്ചുപറ്റിയത് യുഎസ് പേസറായ നേത്രവല്‍ക്കറാണ്. അണ്ടര്‍ 19 കാലഘട്ടത്തില്‍ സന്ദീപ് സിംഗ്, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ക്കൊപ്പം പന്തെറിഞ്ഞിരുന്ന താരമാണ് ഇന്ന് യുഎസിന്റെ ടോപ്പ് പേസര്‍. എന്നാല്‍ ലോകകപ്പിന് തൊട്ടുമുന്‍പ് വരെ ടെക് ഭീമനായ ഒറാക്കിളിലെ സോഫ്റ്റ് വെയര്‍ എഞ്ചിനിയറായിരുന്നു താരം. താന്‍ അമേരിക്കന്‍ ദേശീയ ടീമില്‍ കളിക്കാന്‍ പോകുന്നു എന്ന വാര്‍ത്ത കേട്ട് കൂടെ ജോലി ചെയ്യുന്നവര്‍ ആദ്യം വിശ്വസിച്ചില്ലെന്ന് നേത്രവാല്‍ക്കര്‍ തന്നെ പറയുന്നു.
എന്തുപറഞ്ഞാകും നേത്രവാല്‍ക്കര്‍ ജോലിയില്‍ നിന്നും 2 മാസം ലീവ് ചോദിച്ചത് എന്നാണ് സോഷ്യല്‍ മീഡിയ തമാശയായി ചോദിക്കുന്നത്. കഴിഞ്ഞ ദിവസം ഇന്ത്യക്കെതിരായ മത്സരത്തില്‍ കോലിയുടെയും രോഹിത് ശര്‍മയുടെയും വിക്കറ്റുകള്‍ വീഴ്ത്താന്‍ നേത്രവാല്‍ക്കറിനായിരുന്നു. ഓറക്കിള്‍ സ്റ്റോക്കിന്റെ വില ഇതേ ദിവസം ഉയര്‍ന്നത് നേത്രവല്‍ക്കറിന്റെ പ്രകടനം കൊണ്ടാണെന്ന് വരെ സോഷ്യല്‍ മീഡിയ പറയുന്നുണ്ട്. അതേസമയം നേത്രവാല്‍ക്കറിനെ ഇന്ത്യ തിരിച്ചുവിളിക്കണമെന്ന് പറയുന്നവരും കുറവല്ല. ആദ്യം എഞ്ചിനിയറാകു പിന്നെ ക്രിക്കറ്റ് കളിക്കാന്‍ പോകു എന്ന് പ്രായമായവര്‍ പറഞ്ഞതില്‍ കാര്യമുണ്ടെന്നും സോഷ്യല്‍ മീഡിയ പറയുന്നു.