IND vs USA: ഇന്ത്യയ്ക്ക് ചേസിംഗ് എളുപ്പമാക്കിയത് യുഎസിന്റെ അബദ്ധം, സൗജന്യമായി ലഭിച്ചത് അഞ്ച് റണ്‍സ്

അഭിറാം മനോഹർ

വ്യാഴം, 13 ജൂണ്‍ 2024 (12:41 IST)
Indian Team, Worldcup
ടി20 ലോകകപ്പിലെ മൂന്നാം ഗ്രൂപ്പ് മത്സരവും വിജയിച്ച് സൂപ്പര്‍ 8 ഉറപ്പിച്ച് ഇന്ത്യ. ന്യൂയോര്‍ക്ക് നാസൗ കൗണ്ടി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ യുഎസ് നിശ്ചിത ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 110 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 18.2 ഓവറില്‍ 3 വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു. ഗ്രൂപ്പ് ഘട്ടത്തില്‍ ഇനി കാനഡയ്‌ക്കെതിരെ മാത്രമാണ് ഇന്ത്യയ്ക്ക് ബാക്കിയുള്ളത്.
 
അമേരിക്കയുയര്‍ത്തിയ 111 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് വന്ന ഇന്ത്യയ്ക്ക് മോശം തുടക്കമാണ് ലഭിച്ചത്. ടീം സ്‌കോര്‍ 10ല്‍ എത്തുമ്പോഴേക്കും ഓപ്പണര്‍മാരായ രോഹിത് ശര്‍മ(3), വിരാട് കോലി(0) എന്നിവരുടെ വിക്കറ്റുകള്‍ ഇന്ത്യയ്ക്ക് ബുദ്ധിമുട്ടി. 18 റണ്‍സെടുത്ത റിഷഭ് പന്ത് കൂടി പുറത്തായതിന് പിന്നാലെ ശിവം ദുബെ(31),സൂര്യകുമാര്‍ യാദവ്(50) എന്നിവര്‍ ചേര്‍ന്നാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്. ബൗളിംഗിനെ തുണയ്ക്കുന്ന പിച്ചില്‍ ഏകദിന ശൈലിയിലാണ് ഇരുവരും ബാറ്റ് വീശിയത്. ഒരു ഘട്ടത്തില്‍ ഇന്ത്യ കൂടുതല്‍ പ്രതിരോധത്തിലേക്ക് വീണെങ്കിലും ഇതിനിടെ ആശ്വാസമായി 5 റണ്‍സ് ലഭിച്ചത് മത്സരത്തില്‍ ഇന്ത്യയുടെ സമ്മര്‍ദ്ദം അകറ്റാന്‍ സഹായിച്ചു. ഓരോ ഓവറിനിടെയും 60 സെക്കന്‍ഡുകള്‍ മാത്രമെ എടുക്കാവു എന്ന നിയമം മൂന്ന് തവണ യുഎസ് തെറ്റിച്ചതോടെയാണ് 5 റണ്‍സ് ഇന്ത്യയ്ക്ക് സൗജന്യമായി ലഭിച്ചത്.
 
 യുഎസിന്റെ നാല് വിക്കറ്റുകള്‍ നേടിയ ആര്‍ഷദീപ് സിംഗാണ് ഇന്ത്യയ്ക്ക് മികച്ച തുടക്കം സമ്മാനിച്ചത്. നാലോവറില്‍ വെറും 9 റണ്‍സ് വഴങ്ങിയാണ് 4 വിക്കറ്റുകള്‍ താരം നേടിയത്. യുഎസിനായി നിതീഷ് കുമാര്‍ 27 റണ്‍സെടുത്തു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍