ഉമ്മൻചാണ്ടിയും ചെന്നിത്തലയും ഉള്‍പ്പെട്ട ടൈറ്റാനിയം കേസ് സര്‍ക്കാര്‍ സിബിഐക്ക് വിട്ടു

Webdunia
ചൊവ്വ, 3 സെപ്‌റ്റംബര്‍ 2019 (17:19 IST)
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മന്ത്രി വികെ ഇബ്രാഹിം കുഞ്ഞ് എന്നിവര്‍ ആരോപണ വിധേയരായ ടൈറ്റാനിയം അഴിമതി കേസ് സിബിഐക്ക് വിട്ടു. വിജിലൻസ് ശുപാർശയിൽ സംസ്ഥാന സർക്കാരാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്.

കേസില്‍ ഉദ്യോഗസ്ഥരുൾപ്പെടെ ആറ് പേർ കേസിൽ പ്രതികളാണ്. തിരുവനന്തപുരത്തെ ടൈറ്റാനിയം പ്രൊഡക്ട്‌സ് ലിമിറ്റഡില്‍ മാലിന്യ സംസ്കരണത്തിനായി ഉപകരണങ്ങൾ വാങ്ങിയതിലുള്ള അഴിമതിയിൽ 80 കോടി നഷ്ടം സംഭവിച്ചതായി വിജിലൻസ് നേരത്തെ കണ്ടെത്തിയിരുന്നു. കേസില്‍ ഉള്‍പ്പെട്ടവര്‍ക്ക് അന്താരാഷ്ട്ര ബന്ധം ഉള്ളതുകൊണ്ടാണ് കേസ് സിബിഐക്ക് വിടുന്നതെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം.

2004 - 2006 കാലത്ത് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയും ഇബ്രാഹിം കുഞ്ഞ് വ്യവസായ വകുപ്പ് മന്ത്രിയുമായിരുന്ന കാലത്ത് മലിനീകരണ നിയന്ത്രണ സംവിധാനങ്ങള്‍ സ്ഥാപിക്കാനുള്ള തീരുമാനമെടുത്തത്. ഇതില്‍ 256 കോടി രൂപയുടെ അഴിമതി നടന്നതായാണ് ആരോപണം ഉയര്‍ന്നിരുന്നത്. ഇടപാടുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന് 80 കോടി രൂപയുടെ നഷ്ടം ഉണ്ടായതായി വിജിലന്‍സ് കണ്ടെത്തി.

കേസ് അന്വേഷിച്ച വിജിലൻസ് ഇന്റർപോളിന്റെയുൾപ്പെടെ സഹായം തേടിയിരുന്നു. ബ്രിട്ടനിലെ വിഎ ടെക് വെബാഗ്, എവിഐ യൂറോപ്പ്, ഫിൻലൻഡിലെ കെമടോർ എക്കോ പ്ലാനിങ് എന്നീ കമ്പനികൾ വഴിയാണു യന്ത്രങ്ങൾ വാങ്ങിയത്. ഇവയുടെ യഥാർഥ വിലയും കമ്മിഷനായി നൽകിയ തുകയും അറിയിക്കണമെന്ന ആവശ്യവുമായാണ് ഇന്റർപോളിനെ സമീപിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

Next Article