ചിദംബരത്തിന്റെ കസ്‌റ്റഡി രണ്ടു ദിവസം കൂടി നീട്ടി
ഐഎന്‍എക്‌സ് മീഡിയ കേസില്‍ മുന്‍ ധനമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരത്തിന്റെ സിബിഐ കസ്‌റ്റഡി രണ്ടു ദിവസം കൂടി നീട്ടി. സെപ്റ്റംബര്‍ അഞ്ച് വരെയാണ് നീട്ടിയത്.
കേസില്‍ തല്‍സ്ഥിതി തുടരാനും സുപ്രീം കോടതി ഉത്തരവിട്ടു. കസ്റ്റഡി കാലാവധി തീരുന്നതുവരെ ഇടക്കാല ജാമ്യാപേക്ഷയുമായി മുന്നോട്ടുപോകരുതെന്നും കോടതി പറഞ്ഞു.
ജസ്റ്റിസ് ആർ. ഭാനുമതി, ജസ്റ്റിസ് എഎസ് ബൊപ്പണ്ണ എന്നിവരടങ്ങുന്ന ബെഞ്ചാണ് വിധി പറഞ്ഞത്. വിചാരണ കോടതിയുടെ അധികാരത്തിൽ കൈകടത്താൻ ആഗ്രഹിക്കുന്നില്ലെന്നും ബെഞ്ച് വ്യക്തമാക്കി.
ഓഗസ്റ്റ് 21നു രാത്രിയാണ് അതിനാടകീയമായി ചിദംബരം അറസ്റ്റിലായത്. വിചാരണ കോടതി നൽകിയ ജാമ്യമില്ലാ വാറന്റും റിമാൻഡ് ഉത്തരവുകളും ചോദ്യം ചെയ്ത് ചിദംബരം നൽകിയ ഹർജികൾ സുപ്രീംകോടതി പരിഗണിച്ചിരുന്നു.