ആഭ്യന്തര കലാപം രൂക്ഷം: സുഡാനിൽ കൂട്ടക്കൊല, സ്ത്രീകളെയും കുട്ടികളെയും നിരത്തിനിർത്തി വെടിവച്ചുകൊന്നു

നിഹാരിക കെ.എസ്

ശനി, 1 നവം‌ബര്‍ 2025 (15:05 IST)
ഖാർത്തൂം: ആഭ്യന്തര കലാപം നടക്കുന്ന സുഡാനിൽ കൂട്ടക്കൊലയെന്ന് റിപ്പോർട്ട്. സ്ത്രീകളും കുട്ടികളും അടക്കം ആയിരക്കണക്കിനു പേരെ നിരത്തിനിർത്തിയാണ് കൊലപ്പെടുത്തിയിരിക്കുന്നത്. റാപിഡ് സപ്പോർട്ട് ഫോഴ്‌സ് (ആർഎസ്എഫ്) നിരവധിയാളുകളെ കൊലപ്പെടുത്തുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു.  
 
സുഡാൻ സൈന്യവും വിമത സേനയായ റാപിഡ് സപ്പോർട്ട് ഫോഴ്‌സും തമ്മിലുള്ള ഏറ്റുമുട്ടൽ ഒരു വർഷത്തിലധികമായി തുടരുന്നു. എൽ ഷാഫിർ നഗരം ദിവസങ്ങൾക്കു മുൻപ് വിമതർ പിടിച്ചതോടെയാണ് കൂട്ടക്കൊല ആരംഭിച്ചത്. ന്യൂനപക്ഷ വിഭാഗങ്ങളെയും തങ്ങളെ എതിർക്കുന്നവരെയുമാണ് ആർഎസ്എഫ് അതിക്രൂരമായി കൊല ചെയ്യുന്നത്. രാജ്യത്ത് അതീവഗുരുതര സാഹചര്യമാണെന്ന് ഐക്യരാഷ്ട്ര സംഘടന അറിയിച്ചു.
 
രണ്ടു ദിവസങ്ങൾക്കുള്ളിൽ 2,000 പേരെങ്കിലും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. രാജ്യത്ത് 90 ശതമാനവും സുഡാനി അറബ് വംശജരാണ്. 5% ക്രിസ്ത്യാനികളും 5% പ്രാദേശിക ഗോത്രവിഭാഗക്കാരുമാണ്. സുഡാൻ പട്ടാള ഭരണാധികാരി ജനറൽ അബ്ദേൽല ഫത്താ അൽ ബുർഹാന് പൂർണ പിന്തുണ നൽകുകയാണ് സൈന്യം. ജനറൽ മുഹമ്മദ് ഹംദാൻ ഡഗാലോയെ അനുകൂലിക്കുന്നവരാണ് ആർഎസ്എഫ്. 2019ൽ, സുഡാന്റെ ഏകാധിപതി ഒമർ അൽ ബഷീറിനെ പുറത്താക്കിയതു മുതലാണ് ഇരു സേനകളും തമ്മിൽ അധികാര വടംവലി തുടങ്ങിയത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍