‘ചിദംബരത്തിന്റെ അറസ്‌റ്റ് നല്ല വാര്‍ത്ത’; പ്രതികരണവുമായി ഇന്ദ്രാണി മുഖർജി
വ്യാഴം, 29 ഓഗസ്റ്റ് 2019 (20:20 IST)
ഐഎൻഎക്സ്മീഡിയ അഴിമതിക്കേസിൽ മുൻ ധനമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം അറസ്‌റ്റിലായ വാര്‍ത്തയോട് പ്രതികരിച്ച് കേസിൽ മാപ്പു സാക്ഷിയായ ഇന്ദ്രാണി മുഖർജി.
ചിദംബരത്തിന്റെ അറസ്‌റ്റ് ‘നല്ല വാര്‍ത്ത’ എന്നാണ്’ ഇന്ദ്രാണി പറഞ്ഞത്. ഷീന ബോറ കൊലക്കേസില്‍ ജയിലില്‍ കഴിയുകയാണ് ഇന്ദ്രാണി. വ്യാഴാഴ്‌ച മുംബൈ കോടതിയിൽ ഹാജരാക്കിയതിനു ശേഷം പുറത്തിറങ്ങിയപ്പോഴായിരുന്നു ഇന്ദ്രാണിയുടെ പ്രതികരണം. മുംബൈയിലെ ബികുല്ല ജയിലിലാണ് അവരിപ്പോള്‍.
മകള്‍ ഷീനബോറയെ കൊന്ന കേസില്‍ ഇന്ദ്രാണി മുഖര്‍ജി ജയിലിലായതോടെയാണ് ചിദംബരത്തിന്‍റെയും മകന്‍റെയും പേര് ഇവര്‍ പുറത്തുവിട്ടത്. ഇന്ദ്രാണി മുഖര്‍ജിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇരുവര്‍ക്കുമെതിരെ കേസ് ആരംഭിക്കുന്നത്. 2015ലാണ് ഇന്ദ്രാണി മുഖര്‍ജി അറസ്റ്റിലാകുന്നത്. ഇതേകേസില്‍ പീറ്റര്‍ മുഖര്‍ജിയും ജയില്‍ ശിക്ഷ അനുഭവിക്കുകയാണ്.
ഐഎൻക്സ് മീഡിയ വിദേശഫണ്ട് സ്വീകരിച്ചതിന് വഴി വിട്ട് സഹായം ചെയ്തു കൊടുത്തെന്ന കേസ് സിബിഐ ആണ് അന്വേഷിക്കുന്നത്. 2007 ല്‍ ചിദംബരം ധനകാര്യമന്ത്രിയായിരിക്കെയാണ് മകന്‍ കാര്‍ത്തി ചിദംബരം വഴി ഇടപാട് നടത്തിയെന്നാണ് കണ്ടെത്തല്‍.
2007ലാണ് ഇന്ദ്രാണി മുഖർജിയും ഭർത്താവ് പീറ്റർ മുഖർജിയും ചേർന്ന്ഐഎൻഎക്സ് മീഡിയ എന്ന സ്ഥാപനം തുടങ്ങിയത്. അന്ന് കേന്ദ്ര ധനമന്ത്രിയായിരുന്ന ചിദംബരംഇവര്ക്ക് അനുവദനീയമായതിലും കൂടുതല്‍ വിദേശനിക്ഷേപം ലഭിക്കാന്‍ വഴിവിട്ട സഹായങ്ങള്‍ ചെയ്തുവെന്നാണ് കേസ്. മകൻ കാർത്തിയെ സഹായിക്കുന്നതിനായിരുന്നു വഴിവിട്ട സഹായം.