പി ചിദംബരത്തിന് ജാമ്യമില്ല; നാല് ദിവസം സിബിഐ കസ്‌റ്റഡിയില്‍
വ്യാഴം, 22 ഓഗസ്റ്റ് 2019 (18:54 IST)
ഐഎന്‍എക്‌സ് മീഡിയ കേസില്‍ മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരത്തിന് ജാമ്യമില്ല. സിബിഐ പ്രത്യേക കോടതി അദ്ദേഹത്തെ നാല് ദിവസത്തെ സിബിഐ കസ്‌റ്റഡിയില്‍ വിട്ടു. ജസ്റ്റിസ് അജയ് കുഹാർ ആണ് കേസ് പരിഗണിച്ചത്.
ചോദ്യം ചെയ്യലിനായി 5 ദിവസം കസ്‌റ്റഡിയില്‍ വേണമെന്ന സിബിഐക്കായി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ ആവശ്യം കോടതി അംഗീകരിച്ചെങ്കിലും നാല് ദിവസമാക്കി കുറച്ചു. ഇതോടെ തിങ്കളാഴ്‌ച വരെ ചിദംബരം കസ്‌റ്റഡിയില്‍ തുടരും.
മൂന്ന് മണിക്കൂറോളം സിബിഐ ആസ്ഥാനത്ത് ചോദ്യം ചെയ്യലിന് ശേഷമാണ് ചിദംബരത്തെ സി.ബി.ഐ പ്രത്യേക കോടതിയിൽ ഹാജരാക്കിയത്. ഒന്നര മണിക്കൂര്‍ നീണ്ട വാദത്തിന് ശേഷമാണ് കോടതി ചിദംബരത്തിന് ജാമ്യം നിഷേധിച്ചത്.
സിബിഐക്ക് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് ഹാജരായത്. ചിദംബരത്തിനായി കോൺഗ്രസ് നേതാക്കളും അഭിഭാഷകരുമായ അഭിഷേക് സിംഗ് വി, കപിൽ സിബൽ എന്നിവർ വാദിച്ചു. ചിദംബരം കോടതിയിൽ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നില്ല.