പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

രേണുക വേണു

ചൊവ്വ, 29 ഏപ്രില്‍ 2025 (15:06 IST)
പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ ഏര്‍പ്പെടുത്തും. സാധാരണയേക്കാള്‍ കൂടുതല്‍ സുരക്ഷാ സജ്ജീകരണങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാരും ജില്ലാ ഭരണകൂടവും തീരുമാനിച്ചിട്ടുണ്ട്. അട്ടിമറി വിരുദ്ധ സേന അടക്കം വിപുലമായ സന്നാഹങ്ങള്‍ പൂരം ദിവസങ്ങളില്‍ ഒരുക്കും. 
 
രണ്ടു പ്ലറ്റൂണ്‍ അര്‍ബന്‍ കമാന്‍ഡോകള്‍, ഒരു കമ്പനി ദുരന്തനിവാരണ സേന, തണ്ടര്‍ബോള്‍ട്ട് എന്നിവയെ നിയോഗിക്കും. നഗരത്തിലെ എട്ട് ആശുപത്രികളില്‍ പൊലീസ് എയ്ഡ് പോസ്റ്റ് ഒരുക്കും. പത്ത് ഡ്രോണുകളും ഒരു ആന്റി ഡ്രോണ്‍ സിസ്റ്റവും നിരീക്ഷണത്തിനുണ്ടാകും. പൂര ദിവസം മറ്റു ഡ്രോണ്‍ ഉപയോഗങ്ങള്‍ വിലക്കും. പൊലീസ് ഡ്രോണിനു മാത്രമായിരിക്കും അനുമതി. 350 സിസിടിവി ക്യാമറകള്‍ പൂരപ്പറമ്പിലും പരിസരത്തും സ്ഥാപിക്കും. 
 
മേയ് ആറിനാണ് തൃശൂര്‍ പൂരം. തൃശൂര്‍ താലൂക്ക് പരിധിയില്‍ ഉള്‍പ്പെടുന്ന സര്‍ക്കാര്‍ ഓഫീസുകള്‍ക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും, അങ്കണവാടികള്‍ക്കും (ജീവനക്കാര്‍ ഉള്‍പ്പെടെ) അന്നേ ദിവസം അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മുന്‍ നിശ്ചയിച്ച പൊതുപരീക്ഷകള്‍ക്കും കേന്ദ്ര-സംസ്ഥാന, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് നിയമനത്തിനായി നടത്തുന്ന പരീക്ഷകള്‍ക്കും അവധി ബാധകമല്ല.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍