കശ്മീരില്‍ ഇനിയും ഭീകരാക്രമണം ഉണ്ടാകാമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ 87ല്‍ 48 ടൂറിസം സ്‌പോട്ടുകളും സര്‍ക്കാര്‍ അടച്ചതായി റിപ്പോര്‍ട്ട്. വാര്‍ത്ത ഏജന്‍സിയായ റോയിറ്റേഴ്‌സ് ആണ് വിവരം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വാര്‍ത്തയ്ക്ക് ഔദ്യോഗികമായ സ്ഥിരീകരണം ലഭിച്ചിട്ടില്ല. ആനന്ദ് നാഗിലെ സൂര്യക്ഷേത്രം ഉള്‍പ്പടെയാണ് അടച്ചിരിക്കുന്നത്. എത്ര കാലത്തേക്കാണ് ഈ വിലകെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പെഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷാഏജന്‍സികളൂടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് കശ്മീരിലെ പകുതിയോളം വരുന്ന ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ചൊവ്വാഴ്ച മുതല്‍ സഞ്ചാരികളെ തടഞ്ഞത്. സഞ്ചാരികളെ മറയാക്കി ഭീകരര്‍ ഒളിഞ്ഞിരിക്കുന്നുവെന്ന സംശയവും ഇന്റലിജന്‍ഡ് ഏജന്‍സികള്‍ക്കുണ്ട്. ഭീകരാക്രമണത്തിന് ശേഷം പെഹല്‍ഗാമിലേക്ക് വിനോദസഞ്ചാരികള്‍ തിരിച്ചുവരുന്നതിനിടെയാണ് നടപടി.
കശ്മീര്‍ ജനതയുടെ പ്രധാന ജീവിതോപാധിയായ ടൂറിസത്തിന് കനത്ത തിരിച്ചടീ നല്‍കുന്നതായിരുന്നു പഹല്‍ഗാമിലെ 26 പേരുടെ മരണത്തിനിടക്കിയ ഭീകരാക്രമണം. തെക്കെ ഇന്ത്യയില്‍ നിന്നടക്കം കശ്മീര്‍ യാത്ര പ്ലാന്‍ ചെയ്തിരുന്ന പല സംഘങ്ങളും അക്രമണത്തെ തുടര്‍ന്ന് യാത്ര താത്കാലികമായി വേണ്ടെന്ന് വെച്ച സ്ഥിതിയിലാണ്. അതേസമയം ഭീകരാക്രമണത്തിന് ശേഷമുള്ള ആദ്യ കേന്ദ്രമന്ത്രിസഭാ യോഗം നാളെ ചേരും. നാളത്തെ യോഗത്തില്‍ നിര്‍ണായക തീരുമാനങ്ങളുണ്ടാകുമോ എന്നാണ് രാജ്യം ഉറ്റുനോക്കുന്നത്.