പഹല്‍ഗാമിലെ ഭീകരവാദികളില്‍ ഒരാള്‍ പാക് സൈന്യത്തിലെ കമാന്‍ഡോ; ലഷ്‌കറില്‍ ചേര്‍ന്നത് ഇന്ത്യയെ ആക്രമിക്കാന്‍

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 29 ഏപ്രില്‍ 2025 (11:46 IST)
പഹല്‍ഗാമിലെ ഭീകരവാദികളില്‍ ഒരാള്‍ പാക് സൈന്യത്തിലെ കമാന്‍ഡോ ആയിരുന്നെന്ന് വിവരം. ഭീകരവാദികളില്‍ ഒരാളായ ഹാഷിം മൂസയാണ് ഇന്ത്യയെ ആക്രമിക്കാന്‍ ലഷ്‌കറില്‍ ചേര്‍ന്നത്. ഒന്നരവര്‍ഷം മുമ്പ് പാകിസ്താനില്‍ രണ്ട് ഭീകരര്‍ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറിയിരുന്നു. ഇതില്‍ ഒരാളായ ഹാഷിം മൂസയാണ് ഭീകരാക്രമണത്തില്‍ പങ്കാളിയായ പാക്ക് സൈനികന്‍. ഇയാള്‍ പാക് സൈന്യത്തിന്റെ പാരകമാന്‍ഡറായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം.
 
പിന്നീട് ഇയാളെ ലഷ്‌കര്‍ തൊയ്ബ റിക്രൂട്ട് ചെയ്യുകയായിരുന്നു. ഇയാള്‍ 2024 ഒക്ടോബറില്‍ നടന്ന സോനാമാര്‍ഗ് ടണല്‍ ആക്രമണത്തില്‍ പങ്കാളിയായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം. ആക്രമണത്തില്‍ ഉള്‍പ്പെട്ട ഭീകരന്‍ ജുനൈദ് അഹമ്മദിനെ സുരക്ഷാസേന ഡിസംബറില്‍ വധിച്ചിരുന്നു. ഇയാളില്‍ നിന്ന് ലഭിച്ച ഫോണില്‍ നിന്നാണ് മൂസയും ആക്രമണത്തില്‍ പങ്കാളി ആയിരുന്നുവെന്ന വിവരം ലഭിച്ചത്.
 
കാശ്മീര്‍ പ്രദേശവാസികളില്‍ നിന്ന് ഭീകരവാദികള്‍ക്ക് സഹായം ലഭിച്ചു എന്ന വിവരവും പുറത്തു വരുന്നുണ്ട്. ഭീകരര്‍ക്ക് സഹായം നല്‍കുന്ന 15 പേര്‍ ഇവര്‍ക്ക് വഴികാട്ടി ആയെന്നും അന്വേഷണസംഘത്തിന് വിവരം ലഭിച്ചു. ഇന്ത്യയിലേക്ക് അതിര്‍ത്തിയിലെ കമ്പിവേലി മുറിച്ചാണ് ഭീകരര്‍ നുഴഞ്ഞു കയറിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍