ജമ്മു കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തിന്റെ ഞെട്ടലിലാണ് രാജ്യം. കശ്മീര്‍ സന്ദര്‍ശിക്കാനെത്തിയ വിനോദസഞ്ചാരികള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ 27 പേരോളമാണ് കൊല്ലപ്പെട്ടത്. ഈ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത് ദി റെസിസ്റ്റന്‍സ് ഫ്രണ്ട് അഥവ ടിആര്‍എഫ് എന്ന ഗ്രൂപ്പാണ്. പാകിസ്ഥാന്‍ ഭീകരസംഘടനയായ ലഷ്‌കര്‍- ഇ- തൊയ്ബയില്‍ നിന്നുണ്ടായ നിഴല്‍ ഗ്രൂപ്പാണ് ഇതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
ആഭ്യന്തരമന്ത്രാലയത്തിന്റെ 2023ലെ വിജ്ഞാപനം അനുസരിച്ച് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കലും 2019ലെ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയലും അടക്കമുള്ള നടപടികള്‍ക്ക് ശേഷമാണ് ഈ സംഘടന രൂപം കൊണ്ടത്. സാജിദ് ജാട്ട്, സജ്ജാദ് ഗുല്‍,സലിം റഹ്മാനി എന്നിവരാണ് സംഘടനയുടെ നേതൃത്വത്തിലുള്ളത്. ഇവരെല്ലാം തന്നെ ലഷ്‌കറുമായി ബന്ധമുള്ളവരാണ്.
നിലവിലെ ജമ്മു- കശ്മീരിലെ സമാധാന അന്തരീക്ഷം ഇല്ലാതെയാക്കല്‍, അതിര്‍ത്തിക്കപ്പുറം ആയുധങ്ങളും അയക്കുമരുന്നുകളും കടത്തുക, തീവ്രവാദികളെ റിക്രൂട്ട് ചെയ്യുക എന്നിവയെല്ലാമാണ് സംഘടന നടത്തുന്നത്. ടെലിഗ്രാം, വാട്ട്‌സാപ്പ്,ഫെയ്‌സ്ബുക്ക് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലൂടെ മേഖലയില്‍ റാഡിക്കലൈസേഷനും ഇവര്‍ നടത്തുന്നു.മതപരമായ അര്‍ഥങ്ങളുള്ള സംഘടനങ്ങളില്‍ നിന്നും മാറിയാണ് ടിആര്‍എഫ് രൂപം നല്‍കിയിരിക്കുന്നത്. കശ്മീര്‍ പ്രശ്‌നത്തെ തദ്ദേശിയമായി ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാനുള്ള പാകിസ്ഥാന്‍ ശ്രമത്തിന്റെ ഭാഗമായാണ് ഈ തീരുമാനമെന്നാണ് സൂചന. അന്താരാഷ്ട്ര സമൂഹത്തിന് മുന്നില്‍ കശ്മീരിലെ ജനങ്ങള്‍ പീഡനം അനുഭവിക്കുന്നതായി ഏറെക്കാലമായി പാകിസ്ഥാന്‍ ആരോപിക്കുന്നതാണ്. ഇതിന് ബലം നല്‍കാനാണ് ഇത്തരമൊരു നീക്കമെന്ന് ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.