പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സൗദി യാത്ര ഒരു ദിവസം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂഡല്‍ഹിയില്‍ തിരിച്ചെത്തി. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ പ്രധാനമന്ത്രിയെ സ്ഥിതിഗതികള്‍ ധരിപ്പിച്ചു. ഡല്‍ഹിയില്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേരും. ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്നലെ ശ്രീനഗറില്‍ എത്തി.
പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ 28 പേര്‍ മരിച്ചതായാണ് വിവരം. 27 പുരുഷന്‍മാരും ഒരു സ്ത്രീയുമാണ് കൊല്ലപ്പെട്ടത്. പരുക്കേറ്റ പത്തിലേറെ പേര്‍ ചികിത്സയില്‍ തുടരുകയാണ്. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ശ്രീനഗറില്‍ പോസ്റ്റ്മോര്‍ട്ടം നടത്തും. ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ ഒരു മലയാളിയും ഉണ്ട്. ഇടപ്പള്ളി സ്വദേശി എന്‍.രാമചന്ദ്രനാണ് മരിച്ചത്. ഇദ്ദേഹത്തെക്കൂടാതെ രാജസ്ഥാന്‍, തമിഴ്നാട്, കര്‍ണാടക, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നെത്തിയ വിനോദസഞ്ചാരികളാണ് ആക്രമണത്തിനിരയായത്. ട്രക്കിങ്ങിനു മേഖലയിലേക്കു പോയവര്‍ക്കു നേരെയാണ് ആക്രമണമുണ്ടായത്.