അയല്‍രാജ്യങ്ങളെ ആക്രമിച്ചതില്‍ ക്ഷമ ചോദിച്ച് ഇറാന്‍; ഇനി ആക്രമിക്കില്ല

സിആര്‍ രവിചന്ദ്രന്‍

ശനി, 7 മാര്‍ച്ച് 2026 (14:43 IST)
അയല്‍രാജ്യങ്ങളെ ആക്രമിച്ചതില്‍ ക്ഷമ ചോദിച്ച് ഇറാന്‍. ഇറാന്‍ പ്രസിഡന്റ് മസൂദ് പസഷ്‌കിയാനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ജിസിസി രാജ്യങ്ങളിലേക്ക് ഇനി ആക്രമണം ഉണ്ടാകില്ലെന്നും ഇങ്ങോട്ട് ആക്രമണം ഉണ്ടായാല്‍ മാത്രമേ ഇനി പ്രത്യാക്രമണം ഉണ്ടാകുവെന്നും അദ്ദേഹം പറഞ്ഞു.
 
അയല്‍ രാജ്യങ്ങളിലേക്ക് കടന്നു കയറാന്‍ ഇറാന് ഒരു പദ്ധതിയും ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ആക്രമണങ്ങള്‍ക്ക് മുന്‍പില്‍ ഇറാന്‍ ഒരുതരത്തിലും കീഴടങ്ങില്ലെന്നും ഇറാനെ കീഴടക്കാം എന്ന സ്വപ്നം ശത്രുക്കള്‍ക്ക് വേണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഇസ്രായേലിന് 15 കോടി ഡോളറിന്റെ ആയുധങ്ങള്‍ വില്‍ക്കാന്‍ അടിയന്തര അനുമതി നല്‍കി അമേരിക്ക. ആയുധ കയറ്റുമതി നിയന്ത്രണ നിയമപ്രകാരമുള്ള സാധാരണ നടപടികള്‍ ഒഴിവാക്കിയാണ് ഉത്തരവ്. ഒരു അടിയന്തര തീരുമാനപ്രകാരമാണ് ഇതിന് അംഗീകാരം നല്‍കിയത്. അതേസമയം ഇറാനിലെ ഭൂഗര്‍ഭ ബങ്കറുകള്‍ തകര്‍ത്ത് ഇസ്രായേല്‍. ടഹ്റാനിലെ ഭുഗര്‍ഭ ബങ്കറുകളാണ് ഇസ്രായേല്‍ തകര്‍ത്തത്. ഇസ്രായേല്‍ വ്യോമസേന യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം നടത്തിയത്. 
 
ആക്രമണത്തിലൂടെ ഇറാന്‍ ഭരണകൂടത്തിന്റെ സുരക്ഷാസംവിധാനങ്ങള്‍ക്ക് കനത്ത ആഘാതം ഏല്‍പ്പിച്ചതായി ഇസ്രായേല്‍ സൈന്യം അറിയിച്ചു. അതേസമയം ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല. നിലവില്‍ സംഘര്‍ഷത്തില്‍ ഇറാനില്‍ 1230 ഓളം പേരും ഇസ്രയേലില്‍ 12 ഓളം പേരും ആറ് അമേരിക്കന്‍ സൈനികരും മരണപ്പെട്ടിട്ടുണ്ട്. അതേസമയം സൗദി അരാംകോ ആക്രമണത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് ഇറാന്‍.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍