അവസാനം വരെ സതീശൻ എതിർത്തു, സുധാകരൻ കടുപ്പിച്ചതോടെ ഹൈക്കമാൻഡ് വഴങ്ങി, കണ്ണൂരിൽ സുധാകരൻ തന്നെ

അഭിറാം മനോഹർ

വ്യാഴം, 19 മാര്‍ച്ച് 2026 (12:17 IST)
വരാനിരിക്കുന്ന നിയമസഭാ തിരെഞ്ഞെടുപ്പില്‍ കണ്ണൂര്‍ സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ കെ സുധാകരന് വഴങ്ങി ഹൈക്കമാന്‍ഡ്. സീറ്റ് വിഭജനത്തില്‍ എം പിമാര്‍ മത്സരിക്കേണ്ടതില്ലെന്ന നിലപാടാണ് കേരള നേതൃത്വവും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും സ്വീകരിച്ചത്. എന്നാല്‍ കണ്ണൂര്‍ സീറ്റില്ലാതെ പിന്നോട്ടില്ലെന്ന് സുധാകരന്‍ കടുംപിടുത്തം നടത്തിയതോടെ ഹൈക്കമാന്‍ഡ് മുട്ടുമടക്കുകയായിരുന്നു. മണിക്കൂറുകളോളം നീണ്ടുനിന്ന ചര്‍ച്ചകള്‍ക്കും നാടകീയ നീക്കങ്ങള്‍ക്കും ശേഷമാണ് ഇക്കാര്യത്തില്‍ ധാരണയുണ്ടായിരിക്കുന്നത്.
 
ഡല്‍ഹിയിലെത്തിയ ശേഷം തന്നെ പാര്‍ട്ടി ചര്‍ച്ചകളില്‍ തഴയുന്നതിനെതിരെ സുധാകരന്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഇന്ന് രാവിലെ വരെ ഹൈക്കമാന്‍ഡ് സുധാകരനെ മത്സരിപ്പിക്കേണ്ടതില്ലെന്ന തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. ഇതോടെ കെ സുധാകരന്‍ 12 മണിയോടെ വാര്‍ത്താസമ്മേളനം നടത്തുമെന്നും കണ്ണൂരില്‍ സ്വതന്ത്രനായി മത്സരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. തുടക്കത്തില്‍ ഇതൊരു സമ്മര്‍ദ്ദ തന്ത്രം മാത്രമാണെന്ന് ഹൈക്കമാന്‍ഡ് കരുതിയെങ്കിലും സുധാകരന്‍ വഴങ്ങില്ലെന്ന് വ്യക്തമായതോടെയാണ് അവസാനനിമിഷം തീരുമാനം മാറ്റിയത്.
 
 പ്രശ്‌നപരിഹാരത്തിനായി സുധാകരന്‍ രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ സി വേണുഗോപാല്‍ എന്നിവരുമായി ബന്ധപ്പെട്ടിരുന്നു. കെ സി വേണുഗോപാലിനെ ബന്ധപ്പെട്ടതോറ്റെ ഹൈക്കമാന്‍ഡില്‍ നിന്ന് അനുകൂല തീരുമാനം ഇല്ലെന്ന് സുധാകരന് വ്യക്തമായി. ഇതോടെ ശരി നിങ്ങള്‍ക്ക് നിങ്ങളുടെ വഴി, എനിക്ക് എന്റെ വഴി, ഗുഡ് ബൈ എന്ന് പറഞ്ഞ് സുധാകരന്‍ ഫോണ്‍ സംഭാഷണം അവസാനിപ്പിക്കുകയായിരുന്നു. ഈ ഒരൊറ്റ ഗുഡ് ബൈ ആണ് ഹൈക്കമാന്‍ഡിനെ വിറപ്പിച്ചത്.
 
സുധാകരന്റെ ഭാഗത്ത് നിന്നും കടുത്ത നീക്കമുണ്ടാകുമെന്ന് ഉറപ്പായതോടെ രമേശ് ചെന്നിത്തലയാണ് രാഹുല്‍ ഗാന്ധിയടക്കമുള്ള നേതാക്കളൂമായി ചര്‍ച്ച ചെയ്തത്. സുധാകരന്‍ സ്വതന്ത്രനായി മത്സരിക്കുന്നത് പാര്‍ലമെന്റിലെ ഒരു എം പി സ്ഥാനം കൂടി നഷ്ടപ്പെടുത്തുമെന്നും കേരളത്തിലെ യുഡിഎഫിന്റെ വിജയസാധ്യതയെ ബാധിക്കുമെന്നും വ്യക്തമായതോടെയാണ് ഹൈക്കമാന്‍ഡ് തീരുമാനം മാറ്റിയത്.സുധാകരനുള്ള ജനപിന്തുണയും പാര്‍ട്ടിക്കുള്ളിലെ സ്വാധീനവും കൂടി കണക്കിലെടുത്താണ് തീരുമാനം. സുധാകരനെ മത്സരിപ്പിക്കേണ്ടതില്ലെന്ന് അവസാനം വരെ വി ഡി സതീശന്‍ വാദിച്ചെങ്കിലും കെ സുധാകരന്റെ സമ്മര്‍ദ്ദ നീക്കത്തില്‍ ഇതൊന്നും തന്നെ വിലപ്പോയില്ല.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍