കടുത്ത അതൃപ്തിയിൽ കെ സുധാകരൻ, 12 മണിയോടെ മാധ്യമങ്ങളെ കാണും, ഇച്ചിരി കാക്കാം, സ്ഥിതി നിരീക്ഷിച്ച് ബിജെപി
വരാനിരിക്കുന്ന നിയമസഭാ തിരെഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കില്ലെന്നുറപ്പായതോടെ കടുത്ത അതൃപ്തിയില്‍ കെ സുധാകരന്‍. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ സുധാകരന്‍ മാധ്യമങ്ങളെ കാണും. ഹൈക്കമാന്‍ഡ് സീറ്റ് നിഷേധിച്ച സാഹചര്യത്തില്‍ കണ്ണൂരില്‍ സ്വതന്ത്രനായി മത്സരിക്കുന്നത് സുധാകരന്റെ പരിഗണനയിലുണ്ടെന്നാണ് സൂചന. കോണ്‍ഗ്രസിലെ ഈ സാഹചര്യം ബിജെപി സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. ഇതെല്ലാം പരിഗണിച്ച ശേഷമാകും ബിജെപി തങ്ങളുടെ രണ്ടാം ഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തുവിടുക.
ഡല്‍ഹിയില്‍ ഇന്ന് പുലര്‍ച്ചെ വരെ നിയമസഭ സീറ്റിനെ ചൊല്ലിയുള്ള ചര്‍ച്ചകള്‍ നീണ്ടുനിന്നിരുന്നു. പാര്‍ട്ടിയുമായി ഇടഞ്ഞ സുധാകരനെ അനുനയിപ്പിക്കാനുള്ള നീക്കത്തിലാണ് ഹൈക്കമാന്‍ഡ്. സുധാകരന്‍ വഴങ്ങുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാന നേതൃത്വം.അതേസമയം ഇന്ന് സുധാകരന്‍ നടത്താനിരിക്കുന്ന മാധ്യമ സമ്മേളനം ഉള്‍പ്പടെ സാഹചര്യങ്ങള്‍ നിരീക്ഷിച്ചുവരികയാണ് ബിജെപി. പ്രധാന മണ്ഡലങ്ങളിലെല്ലാം ശക്തരായ സ്ഥാനാര്‍ഥികളെ നിര്‍ത്തി ത്രികോണ മത്സരം ഉറപ്പാക്കാനാണ് ബിജെപിയുടെ ശ്രമം.