കീഴടങ്ങു, ഞങ്ങള്‍ക്ക് സമാധാനമായി കഴിയണമെന്ന് മകനോട് അഭ്യര്‍ത്ഥിച്ച് ഭീകരവാദി ആദിലിന്റെ കുടുംബം. പഹല്‍കാം ഭീകരാക്രമണത്തില്‍ പങ്കെടുത്ത ഭീകരന്‍ ആദില്‍ ഹുസൈന്‍ തോക്കറിന്റെ വീട് സൈന്യം സ്‌ഫോടനത്തിലൂടെ തകര്‍ത്തിരുന്നു. കുടുംബാംഗങ്ങളെ സുരക്ഷാസേന മറ്റൊരു ഗ്രാമത്തിലേക്ക് മാറ്റിയ ശേഷമാണ് വീട് തകര്‍ത്തത്. 5 ഭീകരുടെ വീടുകളാണ് കാശ്മീരില്‍ സൈന്യം തകര്‍ത്തത്. പാകിസ്ഥാനിലേക്ക് സ്റ്റുഡന്റ് വിസയില്‍ പോയ ആദിലുമായി 2018 മുതല്‍ തങ്ങള്‍ക്ക് ബന്ധമില്ലെന്നാണ് കുടുംബം പറയുന്നത്.
ഞങ്ങള്‍ക്ക് അവനെ കുറിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ല. അവന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. അന്ന് ഞങ്ങള്‍ അവനെ കാണാതായതായി പരാതി നല്‍കിയിരുന്നു-എന്ന് ആദിലിന്റെ മാതാവ് പറഞ്ഞു. മകന്‍ ഭീകരാക്രമണത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ സൈന്യത്തിന് വേണ്ട പോലെ ചെയ്യാമെന്നും ഞങ്ങള്‍ക്ക് സമാധാനത്തോടെ ജീവിക്കാന്‍ കഴിയണമെങ്കില്‍ ആദില്‍ കീഴടങ്ങണമെന്നും അവര്‍ അഭ്യര്‍ത്ഥിച്ചു.