ഭീകരവാദികളെ തങ്ങള്‍ സഹായിക്കാറുണ്ടെന്ന് വെളിപ്പെടുത്തി പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളായി ഭീകരവാദികള്‍ക്ക് സാമ്പത്തിക സഹായവും പരിശീലനവും നല്‍കുന്നുണ്ടെന്നാണ് ആസിഫ് വെളിപ്പെടുത്തിയത്. ഇസ്ലാമാബാദില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് പ്രതിരോധ മന്ത്രി കാര്യം വെളിപ്പെടുത്തിയത്. നേരത്തെ തന്നെ ഇന്ത്യ പാകിസ്ഥാന്‍ ഭീകരര്‍ക്ക് സഹായങ്ങള്‍ ചെയ്യുന്നുണ്ടെന്ന ആരോപണം ഉന്നയിച്ചിരുന്നു. ഇത് ശരി വയ്ക്കുന്ന തരത്തിലാണ് പാക് പ്രതിരോധ മന്ത്രിയുടെ വെളിപ്പെടുത്തല്‍.
ഭീകരവാദികളെ പാക്കിസ്ഥാന്‍ സഹായിക്കുന്നതിന് കാരണമായത് പാശ്ചാത്യ രാജ്യങ്ങളാണെന്നും ആസിഫ് പറയുന്നു. 30 വര്‍ഷമായി അമേരിക്കയും ബ്രിട്ടനും ഉള്‍പ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങള്‍ക്ക് വേണ്ടിയാണ് ഈ പ്രവര്‍ത്തി ഞങ്ങള്‍ ചെയ്തുകൊണ്ടിരുന്നത്. എന്നാല്‍ അതൊരു തെറ്റായിരുന്നു എന്ന് പാകിസ്ഥാന്‍ ഇപ്പോള്‍ മനസ്സിലാക്കുകയാണ്. അതിന്റെ പരിണിതഫലങ്ങള്‍ നേരിടുകയാണ്.
ഭീകരാക്രമണത്തിന് പ്രതികാരമായി ഇന്ത്യ ആക്രമിക്കാന്‍ ശ്രമിച്ചാല്‍ പാകിസ്ഥാന്‍ ആണവായുധം കൈവശമുള്ള രാജ്യമാണെന്ന് ഓര്‍മിക്കണമെന്നും പാക് പ്രതിരോധ മന്ത്രി മുന്നറിയിപ്പ് നല്‍കി. അതേസമയം ഇന്ത്യ പാക്കിസ്ഥാനുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ റദ്ദാക്കിയേക്കും. പഹല്‍ഗാം ഭീകരാക്രമണത്തില്‍ പാക്കിസ്ഥാനെതിരെ കടുത്ത നടപടിക്കൊരുങ്ങിയിരിക്കുകയാണ് സൈന്യം. 2021 മുതലുള്ള വെടിനിര്‍ത്തല്‍ കരാറാണ് റദ്ദാക്കുന്നത്. അതേസമയം കഴിഞ്ഞ ദിവസം രാത്രി ജമ്മു കാശ്മീരിലെ നിയന്ത്രണരേഖയില്‍ പാക്കിസ്ഥാന്‍ വെടിവെപ്പ് ആരംഭിച്ചിട്ടുണ്ട്. പാക്കിസ്ഥാന് ആദ്യ അടിയായി സിന്ധു നദീജല കരാര്‍ ഇന്ത്യ മരവിപ്പിച്ച വിജ്ഞാപനം ഇറക്കിയിട്ടുണ്ടായിരുന്നു. പാകിസ്ഥാനെ ഔദ്യോഗികമായി തന്നെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്.
തുടര്‍ച്ചയായ അതിര്‍ത്തി കടന്നുള്ള ഭീകരവാദമാണ് കരാറില്‍ നിന്നുള്ള പിന്മാറ്റത്തിന് കാരണമെന്ന് ഇന്ത്യ വ്യക്തമാക്കി. അതേസമയം പഹല്‍ഗാം ഭീകരാക്രമണത്തില്‍ പ്രാദേശിക തീവ്രവാദികളായ രണ്ടുപേരുടെ വീടുകള്‍ ജില്ലാ ഭരണകൂടം തകര്‍ത്തു. വീടുകള്‍ തകര്‍ക്കുമ്പോള്‍ വീടിനുള്ളില്‍ ആരും ഉണ്ടായിരുന്നില്ല. ഭീകരാക്രമണത്തിനെ തുടര്‍ന്ന് വീട്ടുകാര്‍ അവിടെ നിന്നും മാറിയിരുന്നു. ത്രില്‍ സ്വദേശിയായ ആസിഫ് ഹുസൈന്‍, ബിജ് ബഹേര സ്വദേശി ആദില്‍ തോക്കര്‍ എന്നിവരുടെ വീടുകളാണ് തകര്‍ത്തത്.