പാകിസ്ഥാനെ തള്ളാതെ ചൈന, നിഷ്പക്ഷമായ അന്വേഷണത്തെ പിന്തുണയ്ക്കും, ഇരുപക്ഷവും സംയമനം പാലിക്കണമെന്ന് ചൈന
ജമ്മുകശ്മീരിലെ പഹല്‍ഗാമില്‍ 26 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് ചൈന. ചൈനീസ് വിദേശകാര്യ മന്ത്രി വാങ്ങ് യി പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ഇഷാഖ് ദാറുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് ഇക്കാര്യം പറഞ്ഞത്. ഗ്ലോബല്‍ ടൈംസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ജമ്മുകശ്മീരിലെ പഹല്‍ഗാമില്‍ 26 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തില്‍ നിഷ്പക്ഷമായ അന്വേഷണത്തെ ചൈന പിന്തുണയ്ക്കുമെന്നാണ് ഇഷാഖ് ദാറിനോട് വാങ് യി പറഞ്ഞതെന്നാണ് റിപ്പോര്‍ട്ട്.
ഇരുപക്ഷവും സംയമനം പാലിക്കുമെന്ന് കരുതുന്നതായി ചൈന വ്യക്തമാക്കി. സംഘര്‍ഷങ്ങള്‍ ലഘൂകരിക്കാനുള്ള ശ്രമം ഇരുഭാഗത്ത് നിന്നും ഉണ്ടാകുമെന്ന് കരുതുന്നുവെന്നും വാങ് യി പറഞ്ഞു. ഭീകരതയെ ചെറുക്കുക എന്നത് എല്ലാ രാജ്യങ്ങളുടെയും ഉത്തരവാദിത്തമാണെന്നും പാകിസ്ഥാന്റെ ഉറച്ച തീവ്രവാദ വിരുദ്ധ നടപടികളെ ചൈന പിന്തുണയ്ക്കുമെന്നും ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം പാകിസ്ഥാനെ തള്ളാതെയുള്ള ചൈനീസ് നിലപാടില്‍ ഇന്ത്യയ്ക്ക് കടുത്ത അതൃപ്തിയാണുള്ളത്. ഇത് സംബന്ധിച്ച് ഉടന്‍ തന്നെ കേന്ദ്രം മറുപടി നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്.