India- Pakistan Conflict: ഒരു വശത്ത് താലിബാൻ, ബലൂചിസ്ഥാനിലെ വിഘടനവാദം, കൂട്ടത്തിൽ ഒരു യുദ്ധം കൂടി വന്നാൽ പാകിസ്ഥാൻ തകർന്നടിയും

അഭിറാം മനോഹർ

വെള്ളി, 25 ഏപ്രില്‍ 2025 (19:57 IST)
പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യ- പാകിസ്ഥാന്‍ ബന്ധം വഷളായതോടെ ഒരു യുദ്ധസമാനമായ സാഹചര്യം ഉണ്ടാകുമോ എന്ന ആശങ്കയിലാണ് ജനങ്ങള്‍. സിന്ധുനദീജല കരാര്‍ സസ്‌പെന്‍ഡ് ചെയ്തതടക്കം കടുത്ത നടപടികള്‍ ഇന്ത്യയെടുത്തപ്പോള്‍ അതിര്‍ത്തിയിലെ വെടിനിര്‍ത്തല്‍ കരാറായ ഷിംല കരാര്‍ പാകിസ്ഥാന്‍ റദ്ദാക്കിയിരുന്നു. ഇതോടെ ഇന്ത്യ- പാക് അതിര്‍ത്തികളില്‍ യുദ്ധസമാനമായ സ്ഥിതിയാണുള്ളത്. ഇന്ത്യയുടെ ഭാഗത്ത് നിന്നും പ്രകോപനമുണ്ടായാല്‍ പ്രത്യാഘാതമുണ്ടാകുമെന്ന് പാകിസ്ഥാന്‍ താക്കീത് നല്‍കുമ്പോളും ഒരു യുദ്ധം താങ്ങാനുള്ള അവസ്ഥയിലല്ല പാകിസ്ഥാന്‍ ഇപ്പൊഴുള്ളത് എന്നതാണ് സത്യം.
 
 സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി തെരുവിലിറങ്ങുന്ന ജനങ്ങളും ബലൂചിസ്ഥാനില്‍ നിന്നുള്ള വിഘടനവാദം വളര്‍ന്നതും പ്രക്ഷോഭങ്ങളും എപ്പോള്‍ വേണമെങ്കിലും പാകിസ്ഥാനിനുള്ളില്‍ ആഭ്യന്തര കലാപമുണ്ടാകാമെന്ന സ്ഥിതിയാണ് കാണിക്കുന്നത്. ഈ പ്രശ്‌നങ്ങള്‍ മറച്ചുവെയ്ക്കാന്‍ ഇന്ത്യക്കെതിരായ സംഘര്‍ഷം ഉപയോഗിക്കാനാകും നിലവിലെ ഭരണകൂടത്തിന്റെ തീരുമാനം. 
 
 സാമ്പത്തികസ്ഥിതിയില്‍ പാകിസ്ഥാന്റെ വിദേശനാണ്യ ശേഖരം ഏറ്റവും താഴ്ന്ന നിലയിലാണ്. അടുത്തകാലം വരെ പാകിസ്ഥാനെ സഹായിച്ച സൗദി അറേബ്യ കാര്യമായ പരിഗണന പാകിസ്ഥാന് നല്‍കുന്നില്ല. പാകിസ്ഥാനെതിരെ എന്നും രൂക്ഷമായി പ്രതികരിച്ചിട്ടുള്ള ഡൊണാള്‍ഡ് ട്രമ്പാണ് അമേരിക്ക ഭരിക്കുന്നത്. ഇത് കൂടാതെ ഇറാനുമായും അഫ്ഗാനുമായും ഉള്ള ബന്ധവും വഷളായിരിക്കുകയാണ്. അതിനാല്‍ തന്നെ അതിര്‍ത്തിയില്‍ താലിബാന്‍ ആക്രമണവും പാകിസ്ഥാന്‍ നേരിടുന്നു. ഈ സാഹചര്യത്തില്‍ ഒരു മുഴുവന്‍ യുദ്ധം എന്ന നിലയില്‍ പോകാന്‍ പാകിസ്ഥാനും താത്പര്യപ്പെടില്ല എന്നതുറപ്പാണ്. നിലവിലെ സ്ഥിതിയില്‍ ജനങ്ങളുടെ ശ്രദ്ധ തിരിക്കാനും ഭരണം നിലനിര്‍ത്താനുമായി ഈ സംഘര്‍ഷം അല്പകാലത്തേക്ക് കൂടി തുടരാനാകും പാകിസ്ഥാന്‍ ശ്രമം.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍