കെപിസിസി അധ്യക്ഷനാക്കാത്തതില്‍ കൊടിക്കുന്നില്‍ സുരേഷിനു അതൃപ്തി

രേണുക വേണു

തിങ്കള്‍, 12 മെയ് 2025 (11:45 IST)
Kodikunnil Suresh

കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് തന്നെ പരിഗണിക്കാതിരുന്നതില്‍ കൊടിക്കുന്നില്‍ സുരേഷ് എംപിക്ക് കടുത്ത അതൃപ്തി. പുതിയ പ്രസിഡന്റായി സണ്ണി ജോസഫ് സ്ഥാനമേറ്റെടുക്കുന്ന ചടങ്ങില്‍ കൊടുക്കുന്നില്‍ ഇക്കാര്യം പരോക്ഷമായി ഉന്നയിച്ചു. എല്ലാ വിഭാഗങ്ങള്‍ക്കും ഒരുപോലെ പരിഗണന നല്‍കാന്‍ കേരളത്തിലെ കോണ്‍ഗ്രസിനു സാധിക്കുന്നില്ല എന്നായിരുന്നു കൊടിക്കുന്നില്‍ സുരേഷിന്റെ വിമര്‍ശനം. 
 
പാര്‍ശ്വവത്കരിക്കപ്പെട്ടവരെ കൂടി ഒപ്പം ചേര്‍ത്താനും അവസരങ്ങള്‍ നല്‍കാനും പുതിയ പ്രസിഡന്റിന്റെ നേതൃത്വത്തില്‍ സാധിക്കട്ടെ എന്ന് കൊടിക്കുന്നില്‍ പറഞ്ഞു. അവസരങ്ങള്‍ ലഭിക്കാത്തതില്‍ പാര്‍ട്ടിയിലെ പലര്‍ക്കും വിഷമമുണ്ട്. എല്ലാ വിഭാഗത്തില്‍ നിന്നുള്ളവര്‍ക്കും അവസരം നല്‍കാന്‍ പാര്‍ട്ടിക്ക് സാധിക്കണമെന്നും കൊടിക്കുന്നില്‍ വിമര്‍ശിച്ചു. 
 
കെപിസിസി വര്‍ക്കിങ് പ്രസിഡന്റുമാരായി പി.സി.വിഷ്ണുനാഥ് എംഎല്‍എ, എ.പി.അനില്‍കുമാര്‍ എംഎല്‍എ, ഷാഫി പറമ്പില്‍ എംപി എന്നിവരും യുഡിഎഫ് കണ്‍വീനറായി അടൂര്‍ പ്രകാശ് എംപിയും കെപിസിസി അധ്യക്ഷനൊപ്പം ചുമതലയേറ്റു. കെപിസിസി ആസ്ഥാനത്തെ ചടങ്ങ് സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍