ആരോഗ്യ പ്രശ്‌നങ്ങളുണ്ട്, തോന്നിയതൊക്കെ പറയുന്നു; സുധാകരനെതിരെ നേതാക്കള്‍ ഹൈക്കമാന്‍ഡിനോടു പരാതിപ്പെട്ടിരുന്നു

രേണുക വേണു

തിങ്കള്‍, 12 മെയ് 2025 (07:33 IST)
കെ.സുധാകരനെ കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കാന്‍ പ്രധാന കാരണം സംസ്ഥാനത്തെ നേതാക്കളില്‍ നിന്ന് ഹൈക്കമാന്‍ഡിനു ലഭിച്ച പരാതികള്‍. സുധാകരനോടു അതൃപ്തിയുള്ള കോണ്‍ഗ്രസിലെ ഒരു പ്രബല വിഭാഗം തുടര്‍ച്ചയായി ഹൈക്കമാന്‍ഡിനോടു പരാതിപ്പെട്ടിരുന്നു. സുധാകരന്‍ തുടര്‍ന്നാല്‍ പാര്‍ട്ടിക്കു ദോഷം ചെയ്യുമെന്നായിരുന്നു ഇവരുടെ പ്രധാന പരാതി. 
 
പ്രതിപക്ഷ നേതാവ് വി.ഡി.സതീശനടക്കം സുധാകരന്‍ തുടരുന്നതില്‍ അതൃപ്തി ഉണ്ടായിരുന്നു. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലിനെ സ്വാധീനിച്ചാണ് സതീശന്‍ സുധാകരനെതിരെ കരുക്കള്‍ നീക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. സുധാകരനു ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും പല പ്രസ്താവനകളും രാഷ്ട്രീയമായി കോണ്‍ഗ്രസിനു വിനയാകുന്നതായും ഹൈക്കമാന്‍ഡിനു പരാതി ലഭിച്ചിരുന്നു. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്കു മുന്‍പ് നേതൃമാറ്റം വേണമെന്നായിരുന്നു സതീശന്‍ ഹൈക്കമാന്‍ഡിനോടു ആവശ്യപ്പെട്ടത്. കെ.സി.വേണുഗോപാലിന്റെ സമ്മര്‍ദ്ദം കൂടിയായപ്പോള്‍ ഈ ആവശ്യം ഹൈക്കമാന്‍ഡ് അംഗീകരിച്ചു. 
 
അതേസമയം, പാര്‍ട്ടിയില്‍ തനിക്കെതിരെ ചരടുവലികള്‍ നടന്നിരുന്നതായി സുധാകരനു നേരത്തെ തന്നെ സൂചന ലഭിച്ചിരുന്നു. അതുകൊണ്ടാണ് രമേശ് ചെന്നിത്തല, കെ.മുരളീധരന്‍, ശശി തരൂര്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കളെ സ്വാധീനിച്ച് സുധാകരന്‍ തനിക്കൊപ്പം നിര്‍ത്തിയത്. സതീശന്റെ അപ്രമാദിത്തത്തിനു താന്‍ വിലങ്ങുതടിയാണെന്ന് തോന്നിയതുകൊണ്ടാണ് തന്നെ അധ്യക്ഷസ്ഥാനത്തു നിന്ന് നീക്കിയതെന്നാണ് സുധാകരന്‍ വിശ്വസിക്കുന്നത്. മുതിര്‍ന്ന നേതാവാണെന്നും കെപിസിസി അധ്യക്ഷസ്ഥാനത്ത് വിജയകരമായിരുന്നെന്നും പരിഗണിക്കാതെയാണ് തന്നെ മാറ്റിയതെന്ന പരിഭവവും സുധാകരനുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍