ശബരിമല ദര്‍ശനത്തിനെത്തിയ രാഷ്ട്രപതിയുടെ ഹെലികോപ്റ്ററിന്റെ ടയര്‍ കോണ്‍ക്രീറ്റില്‍ താണു. പിന്നാലെ പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് ഹെലിക്കോപ്റ്റര്‍ തള്ളി നീക്കി. തിരുവനന്തപുരത്ത് നിന്ന് ഹെലികോപ്റ്റര്‍ മാര്‍ഗ്ഗം പത്തനംതിട്ടയിലെത്തിയ രാഷ്ട്രപതി റോഡ് മാര്‍ഗ്ഗം പമ്പയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. സുരക്ഷ കാരണങ്ങളാല്‍ നിലയ്ക്കലില്‍ നിന്ന് പത്തനംതിട്ട പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തിലേക്ക് ലാന്‍ഡിങ് മാറ്റിയതായിരുന്നു അപകടത്തിന് കാരണം. ഇന്ന് രാവിലെയാണ് പ്രമാടത്ത് കോണ്‍ഗ്രീറ്റ് ഇട്ടത്.
അതേസമയം പമ്പയില്‍ നിന്ന് ഇരുമുടിക്കെട്ട് നിറച്ച ശേഷം രാഷ്ട്രപതി സന്നിധാനത്തേക്ക് പ്രത്യേക വാഹനത്തില്‍ പോകും. രാഷ്ട്രപതി ഇരുമുടി കെട്ടുമായി പതിനെട്ടാം പടി ചവിട്ടി അയ്യപ്പനെ ദര്‍ശിക്കും. രാഷ്ട്രപതിയെ തന്ത്രി കണ്ടര് മഹേഷ് മോഹനര് പൂര്‍ണ്ണകുംഭം നല്‍കി സ്വീകരിക്കും. 12ന് ശേഷം സന്നിധാനത്തെ ഗസ്റ്റ് ഹൗസില്‍ വിശ്രമിച്ച് രാത്രിയോടെ രാഷ്ട്രപതി തിരുവനന്തപുരത്തേക്ക് പോകും.