കോണ്‍ഗ്രസില്‍ നേതൃമാറ്റ ചര്‍ച്ചകള്‍ തലവേദനയാകുന്നു. കെ.സുധാകരനെ കെപിസിസി അധ്യക്ഷസ്ഥാനത്തു നിന്ന് നീക്കാനുള്ള ഹൈക്കമാന്‍ഡ് നീക്കത്തിനെതിരെ കേരളത്തിലെ മുതിര്‍ന്ന നേതാക്കളുടെ പരാതി പ്രളയം. സുധാകരനെ മാറ്റിയാല്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ പൊട്ടിത്തെറിയുണ്ടാകുമെന്ന് മുതിര്‍ന്ന നേതാവ് ഹൈക്കമാന്‍ഡിനെ അറിയിച്ചു.
സുധാകരനെ നീക്കാമെന്ന് ഹൈക്കമാന്‍ഡ് ഏറെക്കുറെ ഉറപ്പിച്ചതായിരുന്നു. അപ്പോഴാണ് വി.ഡി.സതീശനെ എതിര്‍ക്കുന്ന ഒരു വിഭാഗം നേതാക്കള്‍ സുധാകരനു പൂര്‍ണ പിന്തുണയുമായി എത്തിയത്. ശശി തരൂര്‍, കെ.മുരളീധരന്‍, രമേശ് ചെന്നിത്തല, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തുടങ്ങിയ നേതാക്കളെല്ലാം സുധാകരനെ അനുകൂലിക്കുകയാണ്. സതീശനെതിരെ പാര്‍ട്ടിയില്‍ പടയൊരുക്കം രൂക്ഷമാകുന്നതിന്റെ സൂചന കൂടിയാണിത്.
തന്റെ വിശ്വസ്തനായ ആന്റോ ആന്റണിയെ കെപിസിസി അധ്യക്ഷനാക്കാന്‍ എഐസിസി സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലാണ് കരുക്കള്‍ നീക്കിയത്. പുതിയ അധ്യക്ഷനെ പ്രഖ്യാപിക്കാനായി വേണുഗോപാല്‍ ഇന്നലെ കേരളത്തില്‍ നിന്ന് ഡല്‍ഹിയിലെത്തിയത്. എന്നാല്‍ രമേശ് ചെന്നിത്തല അടക്കമുള്ള പ്രമുഖ നേതാക്കള്‍ എതിര്‍പ്പ് അറിയിച്ചതോടെ കെ.സി.വേണുഗോപാല്‍ ആശയക്കുഴപ്പത്തിലായി.
തന്നെ അധ്യക്ഷ സ്ഥാനത്തു നിന്ന് മാറ്റാന്‍ സതീശന്‍ നടത്തുന്ന നീക്കങ്ങള്‍ക്കു ഹൈക്കമാന്‍ഡ് മൗനാനുവാദം നല്‍കുകയാണെന്നാണ് സുധാകരന്റെ പരിഭവം. കാര്യമായ കൂടിയാലോചനകള്‍ നടത്താതെയാണ് പുതിയ കെപിസിസി അധ്യക്ഷനെ പ്രഖ്യാപിക്കാന്‍ ഹൈക്കമാന്‍ഡ് നീക്കങ്ങള്‍ നടത്തുന്നതെന്നും സുധാകരന്‍ അനുകൂലികള്‍ വാദിക്കുന്നു. സംസ്ഥാനത്തെ ഒരു വിഭാഗം നേതാക്കള്‍ സുധാകരനൊപ്പം ചേര്‍ന്നതോടെ ഹൈക്കമാന്‍ഡ് പ്രതിരോധത്തിലായി. അതിനാല്‍ ഉടന്‍ പുതിയ പ്രസിഡന്റിനെ പ്രഖ്യാപിക്കാന്‍ സാധ്യതയില്ല.