പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരെ കോണ്‍ഗ്രസില്‍ പടയൊരുക്കം. നിയമസഭാ തിരഞ്ഞെടുപ്പ് ആകുമ്പോഴേക്കും സതീശനു പകരം രമേശ് ചെന്നിത്തലയെ പാര്‍ട്ടിയുടെ പ്രധാന മുഖമായി അവതരിപ്പിക്കാന്‍ മുതിര്‍ന്ന നേതാക്കള്‍ അടക്കം കരുക്കള്‍ നീക്കുന്നു. അധികാരം ലഭിച്ചാല്‍ ചെന്നിത്തല മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്നവരാണ് പാര്‍ട്ടി നേതാക്കളില്‍ ഭൂരിഭാഗവും.
സതീശനെതിരെ ഉള്‍പ്പോര് ശക്തമാണെന്നു മനസിലാക്കിയതോടെ ചെന്നിത്തലയും കളംനിറഞ്ഞു കളിക്കുകയാണ്. സംസ്ഥാനത്തുണ്ടാകുന്ന രാഷ്ട്രീയ ചലനങ്ങളിലെല്ലാം ചെന്നിത്തല അഭിപ്രായം പറയുന്നത് ഇതിനുവേണ്ടിയാണ്. വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കാനും പാര്‍ട്ടിക്കുള്ളില്‍ പിന്തുണ വര്‍ധിപ്പിക്കാനും ചെന്നിത്തല ശ്രമങ്ങള്‍ നടത്തുന്നുണ്ട്. കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്റെ പിന്തുണ കൂടിയായതോടെ ചെന്നിത്തല വിഭാഗം ശക്തി പ്രാപിച്ചിരിക്കുകയാണ്.
മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായങ്ങള്‍ക്ക് സതീശന്‍ ചെവി കൊടുക്കുന്നില്ലെന്നാണ് പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്നിരിക്കുന്ന വിമര്‍ശനം. മറ്റുള്ളവരെ മുഖവിലയ്‌ക്കെടുക്കാതെ സ്വന്തമായി തീരുമാനങ്ങളെടുക്കുകയാണ് സതീശന്‍ ചെയ്യുന്നതെന്ന് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത കെപിസിസി നേതൃത്വവുമായി ബന്ധപ്പെട്ട ഒരു നേതാവ് പറഞ്ഞു. സതീശന്‍ മുഖ്യമന്ത്രിയായി വരുന്നതിനോടു വിയോജിപ്പുള്ള നേതാക്കളാണ് ചെന്നിത്തലയ്ക്കു പിന്തുണയുമായി രംഗത്തുള്ളത്.