ദിവ്യ എസ് അയ്യര്‍ക്കെതിരെ നടക്കുന്നത് പുരുഷ മേധാവിത്വ സമൂഹത്തിന്റെ ഭാഗമായി ഉയര്‍ന്നു വരുന്നത്: എംവി ഗോവിന്ദന്‍

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 17 ഏപ്രില്‍ 2025 (13:43 IST)
ദിവ്യ എസ് അയ്യര്‍ക്കെതിരെ നടക്കുന്നത് പുരുഷ മേധാവിത്വ സമൂഹത്തിന്റെ ഭാഗമായി ഉയര്‍ന്നു വരുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. സ്ത്രീകള്‍ എത്ര ഉന്നത പദവിയില്‍ ഇരുന്നാലും പൊതുവേ തികട്ടിവരുന്നത് പുരുഷ മേധാവിത്വമാണെന്നും പറഞ്ഞ കാര്യത്തില്‍ നിന്ന് പിന്നോട്ടില്ല എന്ന് അവര്‍ തന്നെ പറഞ്ഞിട്ടുണ്ടെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. ദിവ്യ എസ് അയ്യര്‍ക്കെതിരെ കോണ്‍ഗ്രസ് നേതാക്കളുടെ ഭാഗത്ത് നിന്ന് കടുത്ത വിമര്‍ശനങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഉയര്‍ന്നുവന്നിരുന്നു. 
 
പിണറായി വിജയന് പാദസേവ ചെയ്യുന്ന ഉദ്യോഗസ്ഥയാണ് ദിവ്യ എസ് അയ്യരെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ കഴിഞ്ഞദിവസം പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട കെ കെ രാഗേഷിനെ ദിവ്യ എസ് അയ്യര്‍ പുകഴ്ത്തിയിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പിലായിരുന്നു രാഗേഷിനെ ദിവ്യ എസ് അയ്യര്‍ പുകഴ്ത്തിയത്. 
 
അത്യന്തം ഗൗരവമുള്ള പദവികളില്‍ ഇരിക്കുന്ന ഇവരുടെ പ്രകടനങ്ങള്‍ ബിഗ്രേഡ് സിനിമയുടെ നിലവാരത്തിലേക്ക് താഴുകയാണെന്നും ദിവ്യയുടെ സര്‍ക്കാര്‍ സ്തുതികള്‍ മുന്‍പും  ഉണ്ടായിട്ടുണ്ടെന്നും അടിസ്ഥാനരഹിതവും വാസ്തവവിരുദ്ധവുമായ പലതും നേരത്തെ വിളിച്ചു പറഞ്ഞിട്ടുണ്ടെന്നും ഇവരുടെ പ്രസ്താവനകളോട് യൂത്ത് കോണ്‍ഗ്രസ് ബോധപൂര്‍വ്വം മൗനം പാലിച്ചിട്ടുണ്ടെന്നും യജമാനന്റെ മേശയില്‍ നിന്ന് വീഴുന്ന അപ്പക്കഷ്ണങ്ങള്‍ക്ക് വേണ്ടിയുള്ള ആശ്ലേഷങ്ങള്‍ ഇവര്‍ അവസാനിപ്പിക്കേണ്ടിയിരിക്കുന്നുവെന്നും യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് വിജിന്‍ മോഹന്‍ പറഞ്ഞു.
 
അതേസമയം ഇക്കാര്യത്തില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പ്രതികരിക്കാന്‍ തയ്യാറായില്ല. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ കെ രാഗേഷ് കഴിഞ്ഞദിവസമാണ് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍