കൊച്ചിയില്‍ ആരോഗ്യപ്രശ്‌നമുള്ള പെണ്‍കുഞ്ഞിനെ ദമ്പതികള്‍ ഉപേക്ഷിച്ച സംഭവം; സുഖം പ്രാപിച്ചപ്പോള്‍ കുഞ്ഞിനെ തിരികെ വേണമെന്ന് ദമ്പതികള്‍

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 16 ഏപ്രില്‍ 2025 (19:36 IST)
കൊച്ചിയില്‍ ആരോഗ്യപ്രശ്‌നമുള്ള പെണ്‍കുഞ്ഞിനെ ദമ്പതികള്‍ ഉപേക്ഷിച്ച ശേഷം കുഞ്ഞ് സുഖം പ്രാപിച്ചപ്പോള്‍ തിരികെ വേണമെന്ന് ദമ്പതികള്‍. സാമ്പത്തിക ബുദ്ധിമുട്ടുകളും കുട്ടിയുടെ നിലനില്‍പ്പിനെക്കുറിച്ചുള്ള ഭയവും മൂലമാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന് ജാര്‍ഖണ്ഡ്  സ്വദേശികളായ മാതാപിതാക്കള്‍. അവള്‍ ഞങ്ങള്‍ക്ക് ഒരു നിധിയാണന്നും ആശുപത്രി ചെലവുകള്‍ താങ്ങാന്‍ കഴിയാത്തതിനാലും അവളുടെ നിലനില്‍പ്പിനെക്കുറിച്ച് ആശങ്കാകുലരായതിനാലുമാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്നും കുട്ടിയുടെ പിതാവായ മംഗളേശ്വര്‍ പോലീസിനോട് പറഞ്ഞു. 
 
കൊച്ചിയില്‍ നടന്ന അഖിലേന്ത്യാ പോലീസ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ പങ്കെടുത്ത ജാര്‍ഖണ്ഡ് പ്രതിനിധികള്‍ കേരള പോലീസുമായി ബന്ധപ്പെട്ടതിനെ തുടര്‍ന്നാണ് ദമ്പതികളെ കണ്ടെത്തിയത്. കേസ് അന്വേഷിച്ച നോര്‍ത്ത് പോലീസ് ജാര്‍ഖണ്ഡിലെ റാഞ്ചിക്ക് സമീപമുള്ള ലോഹര്‍ദാഗയിലുള്ള ദമ്പതികളെ ബന്ധപ്പെടുകയായിരുന്നു. മംഗളേശ്വരിന്റെ ഭാര്യ രഞ്ജിത ജനുവരി 29 നാണ് എറണാകുളം ജനറല്‍ ആശുപത്രിയില്‍ 28 ആഴ്ച പ്രായമുള്ള കുഞ്ഞിന് ജന്മം നല്‍കിയത്. ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം കുഞ്ഞിനെ എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അന്ന് ദമ്പതികള്‍ 23,000 രൂപയുടെ പ്രാരംഭ ബില്‍ അടച്ചു. രണ്ട് ലക്ഷം കൂടി നല്‍കാന്‍ ആവശ്യപ്പെട്ടപ്പോള്‍ അവര്‍ സംസ്ഥാനം വിട്ടു. വീഡിയോ കോളിലൂടെ കുഞ്ഞിനെ കാണണമെന്ന് മംഗളേശ്വരന്‍ പറഞ്ഞു. പിന്നീട്, മകളെ വീട്ടിലേക്ക് കൊണ്ടുപോകാന്‍ ഉദ്ദേശിക്കുന്നതായും അദ്ദേഹം പോലീസിനോട് പറഞ്ഞു. 
 
കോട്ടയത്തെ ഒരു മത്സ്യഫാമില്‍ ജോലി ചെയ്യുകയായിരുന്നു കുഞ്ഞിന്റെ മാതാപിതാക്കള്‍. മംഗളേശ്വറിനും ഭാര്യയ്ക്കും കുഞ്ഞിനെ ഉപേക്ഷിച്ചതിന് കേസെടുത്തിട്ടുണ്ടെന്ന് അറിയില്ലായിരുന്നു. എസ്ഐ പി.പി. റെജിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. ജനിക്കുമ്പോള്‍ 950 ഗ്രാം മാത്രം ഭാരമുണ്ടായിരുന്ന കുഞ്ഞിന് ഇപ്പോള്‍ മൂന്ന് കിലോ തൂക്കമുണ്ട്. ഏപ്രില്‍ 11 ന് കുഞ്ഞിനെ ശിശുക്ഷേമ സമിതിക്ക് (സിഡബ്ല്യുസി) കൈമാറി. ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. ഷഹീര്‍ ഷായുടെ അഭ്യര്‍ഥന മാനിച്ച് മന്ത്രി വീണ ജോര്‍ജ് കുഞ്ഞിന് നിധി എന്ന് പേരിട്ടു. പോലീസ് ഔദ്യോഗികമായി ആവശ്യപ്പെട്ടാല്‍ വീഡിയോ കോളുകള്‍ വഴി മാതാപിതാക്കള്‍ക്ക് കുഞ്ഞിനെ കാണാന്‍ അനുവദിക്കുമെന്ന് സിഡബ്ല്യുസി അറിയിച്ചു. ജാര്‍ഖണ്ഡ് സിഡബ്ല്യുസി മാതാപിതാക്കളുടെ ജീവിത സാഹചര്യങ്ങള്‍ അന്വേഷിച്ച് കുഞ്ഞിനെ കൈമാറുന്നതിനെക്കുറിച്ച് തീരുമാനിക്കും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍