ഹൈക്കോർട്ട് റൂട്ടിൽ കൊച്ചി മെട്രോ ഇലക്ട്രിക് ബസ് സര്‍ക്കുലര്‍ സര്‍വീസ് ബുധനാഴ്ച മുതൽ

അഭിറാം മനോഹർ

ചൊവ്വ, 18 മാര്‍ച്ച് 2025 (14:50 IST)
ഹൈക്കോടതി വാട്ടര്‍ മെട്രോ സ്റ്റേഷനെ കൊച്ചി മെട്രോയുമായും നഗരത്തിലെ പ്രധാന കേന്ദ്രങ്ങളുമായും ബന്ധിപ്പിക്കുന്ന ഇലക്ട്രിക് ബസ് സര്‍ക്കുലര്‍ സര്‍വീസ് ബുധനാഴ്ച ആരംഭിക്കും. ഹൈക്കോടതി വാട്ടര്‍ മെട്രോ സ്റ്റേഷനില്‍ നിന്ന് ഫാര്‍മസി ജംഗ്ഷന്‍ വഴി എംജി റോഡ്, മഹാരാജാസ്, ജനറല്‍ ഹോസ്പിറ്റല്‍ എന്നിവിടങ്ങളിലൂടെ വീണ്ടും ഹൈക്കോടതിയിലേക്ക് തിരിച്ചുവരുന്ന രീതിയിലാണ് ഈ സര്‍ക്കുലര്‍ സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്.

രാവിലെ 7:45 മുതല്‍ രാത്രി 8:00 വരെ 10 മിനിറ്റ് ഇടവിട്ട് സര്‍വീസ് നല്‍കുന്നതായിരിക്കും. മൂന്ന് ബസുകള്‍ ഈ സര്‍വീസ് നടത്തും. അഞ്ച് കിലോമീറ്ററിന് 20 രൂപയാണ് നിരക്ക്. നൈക്കോര്‍ട്ട്, എംജി റോഡ്, മഹാരാജാസ് മെട്രോ സ്റ്റേഷനുകള്‍, ജനറല്‍ ഹോസ്പിറ്റല്‍, ജട്ടി, മേനക എന്നിവിടങ്ങളില്‍ സ്റ്റോപ്പുകള്‍ ഉണ്ടാകും.
 
62 ദിവസം മുമ്പ് വിവിധ റൂട്ടുകളില്‍ ആരംഭിച്ച ഇലക്ട്രിക് ബസ് സര്‍വീസുകളില്‍ ഇതുവരെ ഒന്നര ലക്ഷത്തോളം യാത്രക്കാര്‍ സഞ്ചരിച്ചിട്ടുണ്ട്. ആലുവ-സിയാല്‍ എയര്‍പോര്‍ട്ട്, കളമശേരി-മെഡിക്കല്‍ കോളേജ്, കളമശേരി-കുസാറ്റ്, കളമശേരി-ഇന്‍ഫോപാര്‍ക്ക്, കാക്കനാട് വാട്ടര്‍ മെട്രോ-ഇന്‍ഫോപാര്‍ക്ക്, കാക്കനാട് വാട്ടര്‍ മെട്രോ-സിവില്‍ സ്റ്റേഷന്‍ എന്നീ റൂട്ടുകളിലാണ് 9 ബസുകള്‍ ഇപ്പോള്‍ സര്‍വീസ് നടത്തുന്നത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍