തിരുവനന്തപുരം : ഓണക്കാലത്തെ വർദ്ധിച്ച സാധന വിലക്കയറ്റം പിടിച്ചു നിർത്തി നായി ഓണത്തിന് റേഷൻ കാർഡ് ഒന്നിന് 25 രൂപ നിരക്കിൽ 20 കിലോ അരി സപ്ലൈകോ വഴി നൽകുമെന്ന് മന്ത്രി ജി.ആർ. അനിൽ അറിയിച്ചു. ഇത് പച്ചരിയായോ പുഴക്കലരിയായോ ആണ് നൽകുന്നത്. ഇതുവരെ സബ്സിഡി നിരക്കിൽ നൽകിയിരുന്ന മുളകിൻ്റെ അളവ് അരകിലോയിൽ നിന്ന് ഒരു കിലോ ആയി ഉയർത്തിയിട്ടുണ്ട്.
ഇതിനൊപ്പം സപ്ലൈകോയിലൂടെ നൽകുന്ന മൂന്ന് ഇനം വെളിച്ചെണ്ണയുടെയും വില ഓണത്തിനു മുമ്പ് ഇനിയും കുറയ്ക്കും. ഇതു കൂടാതെ ആറ് ലക്ഷത്തിലധികം എ.എ.വൈ കാർഡുകാർക്കും ക്ഷേമ സ്ഥാപനങ്ങൾക്കും 14 ഇനം ഭക്ഷ്യസാധനങ്ങൾ ഉൾപ്പെട്ട ഓണക്കിറ്റു വിതരണം ഓഗസ്റ്റ് 26 ന് തുടങ്ങി സെപ്തംബർ നാലിനകം പൂർത്തിയാക്കും. എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ഓഗസ്റ്റ് 31 മുതൽ സെപ്തംബർ നാലു വരെ ഓണം ഫെയറുകൾ സംഘടിപ്പിക്കുന്നതിനൊപ്പം ഓഗസ്റ്റ് 26 മുതൽ സഞ്ചരിക്കുന്ന ഓണച്ചന്തകളും ഉണ്ടാകും.