വിഴിഞ്ഞം തുറമുഖ ഉദ്ഘാടനം: വേദിയില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശനും ബിജെപി അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനും ഇരിപ്പിടം

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 2 മെയ് 2025 (10:32 IST)
വിഴിഞ്ഞം തുറമുഖ ഉദ്ഘാടന വേദിയില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശനും ബിജെപി അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖരനും ഇരിപ്പിടം. പ്രതിപക്ഷനേതാവിനെ ക്ഷണിച്ചില്ല എന്ന പരാതികള്‍ക്കിടയിലാണ് അദ്ദേഹത്തിനും ഇരിപ്പിടം ഒരുക്കിയിരിക്കുന്നത്. പ്രധാനമന്ത്രിയും മുഖ്യമന്ത്രിയുമടക്കം 17 പേര്‍ക്കാണ് വേദിയില്‍ ഇരിപ്പിടം ഒരുക്കിയിട്ടുള്ളത്. അതേസമയം വിഡി സതീശന്‍ ഉദ്ഘാടനത്തില്‍ പങ്കെടുക്കില്ലെന്നാണ് വിവരം.
 
എം വിന്‍സെന്റ് എംഎല്‍എ, ശശി തരൂര്‍ എംപി, ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ എന്നിവര്‍ക്കും വേദിയില്‍ ഇരിപ്പിടം ഉണ്ട്. അതേസമയം ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, മുഖ്യമന്ത്രി പിണറായി വിജയന്‍, തുറമുഖ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ എന്നിവര്‍ മാത്രമാണ് സംസാരിക്കുന്നത്. നേരത്തെ ചടങ്ങിന് പ്രതിപക്ഷനേതാവിനെ ക്ഷണിച്ചില്ല എന്ന പരാതി ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെ മന്ത്രി വി എന്‍ വാസവന്റെ ഓഫീസില്‍ നിന്ന് പ്രതിപക്ഷ നേതാവിന്റെ ഓഫീസിലേക്ക് ഒരു ക്ഷണക്കത്ത് എത്തുകയായിരുന്നു. 
 
കത്തില്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന ഒരു ചടങ്ങ് വിഴിഞ്ഞത്തുണ്ടെന്നും ആ ചടങ്ങില്‍ താങ്കളുടെ മഹനീയ സാന്നിധ്യം പ്രതീക്ഷിക്കുന്നു എന്നും മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇത് അപമാനിക്കാനുള്ള ശ്രമമാണെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍