തമിഴില്‍ ഒപ്പിട്ടിട്ടെങ്കിലും തമിഴ് ഭാഷയെ സ്‌നേഹിക്കൂവെന്ന് തമിഴ്‌നാട് നേതാക്കളോട് പ്രധാനമന്ത്രി നരേന്ദ്രമോദി. തമിഴ്‌നാട് നേതാക്കളില്‍ നിന്ന് പതിവായി തനിക്ക് കത്തുകള്‍ ലഭിക്കുന്നുണ്ടെന്നും അവയില്‍ ഒരു നേതാക്കളും തമിഴില്‍ ഒപ്പിടാറില്ലെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു. 'അവരില്‍ നിന്ന് കത്തുകള്‍ ലഭിക്കുമ്പോള്‍ ഞാന്‍ അത്ഭുതപ്പെടാറുണ്ട്. ആരും തമിഴ് ഭാഷയില്‍ ഒപ്പിടാറില്ല. ഭാഷാ അഭിമാനം ഉണ്ടെങ്കില്‍ എല്ലാവരും കുറഞ്ഞത് തമിഴില്‍ ഒപ്പിടണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു'- മോദി പറഞ്ഞു.
കേന്ദ്രത്തിന്റെ ത്രിഭാഷാ നയത്തോട് തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിനും ഡിഎംകെയ്ക്കും ശക്തമായ എതിര്‍പ്പാണ് ഉള്ളത്. പുതിയ പാമ്പന്‍ പാലത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് സ്റ്റാലിന്‍ വിട്ടുനില്‍ക്കുകയും ചെയ്തിരുന്നു. കേന്ദ്രസര്‍ക്കാര്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണെന്ന ആരോപണവും ഉയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ വിമര്‍ശനം വരുന്നത്.