സിന്തറ്റിക്ക് ലഹരി പദാര്‍ത്ഥങ്ങളുടെ കടത്തും ഉപഭോഗവും ഗണ്യമായി വര്‍ദ്ധിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സിന്തറ്റിക് ലഹരിവസ്തുക്കള്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുമാണ് പ്രധാനമായും കേരളത്തിലെത്തുന്നത് എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ലഹരി ഉപഭോഗവും വിതരണവും വ്യാപകമാകുന്നതിന്റെ സൂചനകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. വിദ്യാര്‍ത്ഥികളും യുവാക്കളുമാണ് ലഹരി പദാര്‍ത്ഥങ്ങള്‍ കൂടുതലായി ഉപയോഗിക്കുന്നത് എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. പ്രൈമറി ക്ലാസു മുതല്‍ ലഹരിക്ക് അടിമപ്പെട്ടുപോകുന്ന കുട്ടികളുണ്ട് എന്നതാണ് അനുഭവം.
ഓപ്പറേഷന്‍ ഡി ഹണ്ടിന്റെ ഭാഗമായി പോലീസ് 2024 ല്‍ 27,578 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 45 കോടി വിലയുള്ള വിവിധ മയക്കുമരുന്നുകള്‍ പിടിച്ചെടുത്തു. 2025 ല്‍ മാര്‍ച്ച് 31 വരെ 12,760 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 12 കോടിയുടെ മയക്കുമരുന്നുകള്‍ പിടിച്ചു.
എക്സൈസ് സേനയും ശക്തമായ പ്രതിരോധം ഉയര്‍ത്തുകയാണ്. 2025 മാര്‍ച്ച് മാസത്തില്‍ മാത്രം ആകെ 7.09 കോടി രൂപയുടെ ലഹരി വസ്തുക്കളാണ് എക്സൈസ് പിടികൂടിയത്. മറ്റ് സേനകളുമായി ചേര്‍ന്നുള്ളതുള്‍പ്പെടെ 13,639 റെയ്ഡുകള്‍ നടത്തി. മയക്കുമരുന്ന് കേസില്‍ 1,316 പേരെ അറസ്റ്റ് ചെയ്തു. ഒളിവിലിരുന്ന 86 പ്രതികളെയും പിടികൂടാനായെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ലഹരി ഉപഭോഗവും വ്യാപനവും തടയുന്നതിനൊപ്പം കുട്ടികളിലും യുവതയിലും വര്‍ദ്ധിച്ചുവരുന്ന അക്രമോത്സുകതയെ ശാസ്ത്രീയമായി അഭിമുഖീകരിക്കുന്നതിനും വിപുലമായ ക്യാമ്പയിന്‍ പ്രവര്‍ത്തനം നടത്തണമെന്നാണ് സര്‍ക്കാര്‍ കണ്ടിട്ടുള്ളത്. ഈ ഉദ്ദേശ്യത്തോടെ 2025 മാര്‍ച്ച് 24, ഏപ്രില്‍ 9 തീയതികളിലായി ഉന്നതതല യോഗം ചേര്‍ന്നു. വിദഗ്ദ്ധരടങ്ങുന്ന ഒരു 'തിങ്ക് ടാങ്ക്' രൂപീകരിച്ചിട്ടുണ്ട്. തിങ്ക് ടാങ്കിന്റെ അഭിപ്രായങ്ങള്‍ ക്രോഡീകരിച്ച് തയ്യാറാക്കിയ കരട് പ്ലാന്‍ ഓഫ് ആക്ഷന്‍ അവതരിപ്പിക്കുന്നതിനും വിശദമായ ചര്‍ച്ചയ്ക്കുമായി 2025 മാര്‍ച്ച് 30 ന് ശില്പശാല നടത്തി. ജീവിതത്തിന്റെ നാനാതുറകളില്‍ നിന്നുള്ളവര്‍ ഈ ശില്പശാലയില്‍ പങ്കെടുത്ത് അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുകയും നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇവയെല്ലാം പരിഗണിച്ചും പരിശോധിച്ചും വിപുലമായ പ്രവര്‍ത്തന രൂപരേഖ തയ്യാറാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.