വെള്ളാപ്പള്ളി ഒരു മതത്തിനും എതിരല്ല, കുമാരനാശാനുപോലും സാധിക്കാത്ത കാര്യമാണ് അദ്ദേഹത്തിന് സാധിച്ചത്: മുഖ്യമന്ത്രി

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 11 ഏപ്രില്‍ 2025 (20:10 IST)
മലപ്പുറം ചുങ്കത്തറയിലെ വിവാദ പ്രസംഗത്തില്‍ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വെള്ളാപ്പള്ളി ഒരു മതത്തിനും എതിരല്ലെന്നും വെള്ളാപ്പള്ളി രാഷ്ട്രീയ പാര്‍ട്ടിക്കെതിരെ പറഞ്ഞതിനെ ആ പാര്‍ട്ടിക്ക് വേണ്ടി ചിലര്‍ തെറ്റായി പ്രചരിപ്പിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. 
 
എസ്എന്‍ഡിപി തലപ്പത്ത് മൂന്നു പതിറ്റാണ്ട് പൂര്‍ത്തിയാക്കിയ വെള്ളാപ്പള്ളിയെ അനുമോദിക്കുന്ന ചടങ്ങിലായിരുന്നു മുഖ്യമന്ത്രി പിന്തുണ വ്യക്തമാക്കിയത്. വെള്ളാപ്പള്ളി മതനിരപേക്ഷത എന്നും ഉയര്‍ത്തി പിടിച്ചിട്ടുണ്ടെന്നും വെള്ളാപ്പള്ളിയെ അടുത്ത് അറിയാവുന്നവര്‍ക്ക് അത് അറിയാമെന്നും അദ്ദേഹം ഒരു മതത്തിനും എതിരല്ലെന്നും രാഷ്ട്രീയ പാര്‍ട്ടിക്കെതിരെയാണ് അദ്ദേഹം സംസാരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. 
 
കേരളത്തിന്റെ വളര്‍ച്ചയ്ക്ക് വലിയ സംഭാവന ചെയ്ത സംഘടനയാണ് എസ്എന്‍ഡിപി. 30 വര്‍ഷമാണ് വെള്ളാപ്പള്ളി അതിനെ നയിച്ചത്. കുമാരനാശാന് പോലും കഴിയാത്ത കാര്യമാണ് വെള്ളാപ്പള്ളി നടേശന് സാധിച്ചത്. കുമാരനാശാന്‍ പോലും 16 വര്‍ഷം മാത്രമാണ് ഈ സ്ഥാനത്ത് ഇരുന്നത് ഓര്‍ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍