മാറ്റം ഉറപ്പിച്ച് ഹൈക്കമാന്‍ഡ്; സുധാകരനു കടുത്ത അതൃപ്തി, കളിച്ചത് സതീശന്‍?

രേണുക വേണു

തിങ്കള്‍, 5 മെയ് 2025 (15:23 IST)
കെ.സുധാകരനെ കെപിസിസി അധ്യക്ഷസ്ഥാനത്തു നിന്ന് മാറ്റാന്‍ ഹൈക്കമാന്‍ഡ് തീരുമാനിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിനു മുന്‍പ് നേതൃമാറ്റം ഉണ്ടാകുമെന്ന് ഹൈക്കമാന്‍ഡ് വൃത്തങ്ങള്‍ ഉറപ്പിച്ചു. പുതിയ കെപിസിസി അധ്യക്ഷനെ ഉടന്‍ പ്രഖ്യാപിക്കും. 
 
തന്നെ അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കുന്നതില്‍ സുധാകരനു കടുത്ത അതൃപ്തിയുണ്ട്. കെപിസിസി അധ്യക്ഷനെ മാറ്റാനാണ് തീരുമാനമെങ്കില്‍ പ്രതിപക്ഷ നേതാവിനെ കൂടി മാറ്റണമെന്ന് സുധാകരന്‍ നിലപാടെടുത്തു. എന്നാല്‍ സതീശനെ മാറ്റാന്‍ ഹൈക്കമാന്‍ഡ് തയ്യാറല്ല. ആരോഗ്യസംബന്ധമായ ബുദ്ധിമുട്ടുകള്‍ ഉള്ളതിനാല്‍ സുധാകരന്‍ കെപിസിസി തലപ്പത്ത് തുടരുന്നത് ഉചിതമല്ലെന്നാണ് ഹൈക്കമാന്‍ഡ് തീരുമാനം. എന്നാല്‍ തനിക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലെന്നും കെപിസിസി അധ്യക്ഷനെന്ന നിലയില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും സുധാകരന്‍ പറയുന്നു. 
 
തന്നെ അധ്യക്ഷസ്ഥാനത്തു നിന്ന് നീക്കുന്നതിനു വി.ഡി.സതീശന്‍ ഇടപെട്ടന്നാണ് സുധാകരന്റെ സംശയം. സതീശനു തന്നോടു താല്‍പര്യക്കുറവുണ്ടെന്നും അതുകൊണ്ടാണ് ഹൈക്കമാന്‍ഡ് നേരിട്ട് ഇടപെട്ട് കെപിസിസി നേതൃപദവിയില്‍ നിന്ന് തന്നെ മാറ്റുന്നതെന്നും സുധാകരനു പരാതിയുണ്ട്. കേന്ദ്ര നേതൃത്വം ആവശ്യപ്പെടുകയാണെങ്കില്‍ താന്‍ മാറാമെന്നും സുധാകരന്‍ പറയുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍