നീറ്റ് പരീക്ഷയുടെ വ്യാജ ഹാള്‍ ടിക്കറ്റ് തയ്യാറാക്കി നല്‍കിയ സംഭവത്തില്‍ പോലീസ് കസ്റ്റഡിയിലെടുത്ത ഗ്രീഷ്മയെ തെളിവെടുപ്പിനായി അക്ഷയ സെന്ററില്‍ എത്തിച്ചു. നെയ്യാറ്റിന്‍കരയിലെ അക്ഷയ സെന്ററിലാണ് ജീവനക്കാരിയായ ഗ്രീഷ്മയെ തെളിവെടുപ്പിനെത്തിച്ചത്. ഈ അക്ഷയ സെന്ററില്‍ നീറ്റ് പരീക്ഷയ്ക്ക് അപേക്ഷ നല്‍കിയ മറ്റൊരു വിദ്യാര്‍ത്ഥിയുടെ ഹാള്‍ടിക്കറ്റ് ഉപയോഗിച്ചാണ് ഇവര്‍ വ്യാജ ഹാള്‍ടിക്കറ്റ് നിര്‍മ്മിച്ചത്.
ഗൂഗിളില്‍ സെര്‍ച്ച് ചെയ്ത് ഹാള്‍ ടിക്കറ്റില്‍ ചേര്‍ക്കാനായി പരീക്ഷാ കേന്ദ്രം കണ്ടുപിടിച്ചു. പത്തനംതിട്ട മാര്‍ത്തോമാ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് ഗ്രീഷ്മ തയാറാക്കിയ പരീക്ഷ കേന്ദ്രമായി കൊടുത്തിട്ടുള്ളത്. കഴിഞ്ഞവര്‍ഷം ഇവിടെ നീറ്റ് പരീക്ഷ നടന്നിരുന്നു. എന്നാല്‍ ഈ വര്‍ഷം ഇവിടെ പരീക്ഷ സെന്റര്‍ ആയിരുന്നില്ല. തിരുവനന്തപുരം അമ്പൂരി സ്വദേശിയായ വിദ്യാര്‍ത്ഥിക്കാണ് ഹാള്‍ടിക്കറ്റ് നല്‍കിയത്. പത്തനംതിട്ട വരെ പോയി പരീക്ഷ എഴുതില്ലെന്ന ധാരണയിലാണ് ഹാള്‍ ടിക്കറ്റ് നല്‍കിയതെന്നാണ് ഗ്രീഷ്മ മൊഴിയില്‍ പറയുന്നത്.
നീറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കുന്നതിനായി വിദ്യാര്‍ത്ഥിയുടെ അമ്മ ഗ്രീഷ്മയെ ഏല്‍പ്പിച്ചിരുന്നു. എന്നാല്‍ ഇവര്‍ അപേക്ഷിക്കാന്‍ മറന്നുപോയി. പിന്നീട് വ്യാജ ഹാള്‍ടിക്കറ്റ് തയ്യാറാക്കി നല്‍കുകയായിരുന്നു എന്നാണ് ഗ്രീഷ്മയുടെ മൊഴി. പത്തനംതിട്ട പോലീസാണ് നെയ്യാറ്റിന്‍കര സ്വദേശിയായ ഗ്രീഷ്മയെ കസ്റ്റഡിയിലെടുത്തത്. അതേസമയം വ്യാജ ഹാള്‍ടിക്കറ്റുമായി പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ത്ഥിക്കെതിരെ പോലീസ് കേസെടുത്തു. പരീക്ഷയുടെ നടത്തിപ്പു ചുമതലയുള്ള ഉദ്യോഗസ്ഥന്റെ പരാതിയിലാണ് കേസ്.