പത്തനംതിട്ടയില്‍ കോവിഡ് ബാധിതയെ ആംബുലന്‍സില്‍ വച്ച് പീഡിപ്പിച്ച സംഭവത്തില്‍ പ്രതിക്ക് ജീവപര്യന്തം തടവ് വിധിച്ച് കോടതി. കായംകുളം സ്വദേശി നൗഫലിനെയാണ് ജീവപര്യന്തം തടവിന് പത്തനംതിട്ട കോടതി ശിക്ഷിച്ചത്. തടവ് ശിക്ഷക്ക് പുറമേ 1,08,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്.
2020 സെപ്റ്റംബര്‍ 5നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സമൂഹത്തെ ഞെട്ടിച്ച സംഭവമായിരുന്നു ഇത്. ആംബുലന്‍സ് ഡ്രൈവര്‍ നൗഫല്‍ കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞ ദിവസം വിധിച്ചിരുന്നു. കൊവിഡ് കെയര്‍ സെന്ററിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് യുവതിയെ നൗഫല്‍ പീഡിപ്പിച്ചത്. പീഡനശേഷം പ്രതി ക്ഷമാപണം നടത്തിയത് യുവതി മൊബൈലില്‍ ചിത്രീകരിച്ചിരുന്നു. ഇത് കേസില്‍ നിര്‍ണായക തെളിവായി.