കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും മാറണമെന്ന നേരിയ സൂചന പോലും തനിക്ക് ലഭിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. തന്നെ മാറ്റണമെങ്കില്‍ ദില്ലിക്ക് വിളിപ്പിക്കേണ്ട കാര്യമില്ലെന്നും പാര്‍ട്ടി സ്ഥാനം ഒഴിയാന്‍ പറഞ്ഞാല്‍ ഒഴിയുമെന്നും കെ സുധാകരന്‍ പറഞ്ഞു. രാഹുല്‍ ഗാന്ധിയും ഖാര്‍ഗെയുമായും ഒന്നരമണിക്കൂര്‍ സംസാരിച്ചിരുന്നു. കേരള രാഷ്ട്രീയത്തെ പറ്റിയാണ് സംസാരിച്ചത്. മാധ്യമങ്ങളാണ് കെപിസിസി നേതൃമാറ്റത്തെ കുറിച്ച് വാര്‍ത്തയുണ്ടാക്കുന്നതെന്നും കെ സുധാകരന്‍ പറഞ്ഞു.
കെപിസിസി അധ്യക്ഷസ്ഥാനത്ത് നിന്നും മാറ്റുന്നതിന് പറ്റി ചര്‍ച്ചകള്‍ ഉണ്ടായിട്ടില്ല. പുതിയ പേരുകള്‍ എവിടെ നിന്നും വരുന്നുവെന്ന് അറിയില്ല. പലരും എനിക്ക് ആരോഗ്യപ്രശ്‌നമുണ്ടെന്ന് പറയുന്നു. എനിക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ ഞാനല്ലെ പറയേണ്ടത്. ആരോഗ്യപ്രശ്‌നമുണ്ടെങ്കില്‍ ചികിത്സാസൗകര്യമില്ലെ. അത് മറച്ചുവെയ്‌ക്കേണ്ട കാര്യം എന്താണ്. എന്റെ പ്രവര്‍ത്തനത്തില്‍ എന്തെങ്കിലും വല്ലായ്മയുണ്ടോ. എനിക്ക് ആരോഗ്യപ്രശ്‌നം ഉണ്ടെന്ന് ചിലര്‍ മനഃപൂര്‍വം പറഞ്ഞു പരത്തുന്നു. രോഗിയാണെന്ന് കാണിച്ച് എന്നെ മൂലയ്ക്ക് ഇരുത്താന്‍ ഒരു ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നുണ്ട്. അതൊരു സംസ്ഥാന നേതാവാണ്. പ്രായമല്ല പ്രാപ്തിയാണ് പ്രധാനം. കെ സുധാകരന്‍ പറഞ്ഞു.