വീണ്ടും തിരിച്ചടി; പി ചിദംബരത്തെ വീണ്ടും സിബിഐ കസ്‌റ്റഡിയിൽ വിട്ടു
തിങ്കള്‍, 26 ഓഗസ്റ്റ് 2019 (18:23 IST)
ഐഎൻഎക്‌സ് മീഡിയാ അഴിമതിക്കേസിൽ അറസ്‌റ്റിലായ മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പി ചിദംബരത്തെ വീണ്ടും സിബിഐ കസ്‌റ്റഡിയിൽ വിട്ടു. ഈ മാസം 30 വരെയാണ് കസ്‌റ്റഡി.
ചോദ്യം ചെയ്യലിനോട് ചിദംബരം സഹകരിക്കുന്നില്ലെന്ന് സിബിഐക്ക് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു.
പലചോദ്യങ്ങളില്‍ നിന്നും ചിദംബരം ഒഴിഞ്ഞുമാറി. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ ചോദ്യം ചെയ്യല്‍ ആവശ്യമാണ്. മറ്റ് പ്രതികള്‍ക്കൊപ്പം ചിദംബരത്തെയും ചോദ്യം ചെയ്യണമെന്നും സിബിഐ പറഞ്ഞു. ഈ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.
ഐഎന്‍എക്സ് മീഡിയാ മേധാവി ഇന്ദ്രാണി മുഖർജി, കാർത്തി ചിദംബരം എന്നിവർക്കൊപ്പം ചിദംബരത്തെ ചോദ്യം ചെയ്യണമെന്നാണ് സിബിഐ ആവശ്യപ്പെട്ടത്.
കേസിൽ നിർണായകമായ ചlല ഇമെയിൽ തെളിവുകൾ കൂടി കിട്ടിയിട്ടുണ്ട്. ഇതിന് മേൽ കൂടി ചോദ്യം ചെയ്യൽ തുടരണം. കമ്പനിയുമായി ബന്ധപ്പെട്ട രേഖകൾ കൂടി പരിശോധിച്ചു ചോദ്യം ചെയ്യണമെന്നും സിബിഐ വ്യക്തമാക്കി.