'അങ്ങനെയങ്ങ് പോയാലോ'; യുഎസിനു എട്ടിന്റെ പണി കൊടുക്കാന്‍ ഇന്ത്യ

രേണുക വേണു

തിങ്കള്‍, 11 ഓഗസ്റ്റ് 2025 (08:31 IST)
ഇന്ത്യക്കെതിരെ 50 ശതമാനം തീരുവ ഈടാക്കാനുള്ള യുഎസ് നീക്കത്തിനു അതേ നാണയത്തില്‍ തിരിച്ചടി നല്‍കാന്‍ ഇന്ത്യ. തിരഞ്ഞെടുത്ത അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്കു കനത്ത തീരുവ ചുമത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. 
 
ഫെബ്രുവരിയില്‍ നടന്ന നരേന്ദ്ര മോദി - ഡൊണാള്‍ഡ് ട്രംപ് കൂടിക്കാഴ്ചയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരങ്ങളില്‍ ചില തീരുമാനങ്ങളെടുത്തിരുന്നു. ഈ തീരുമാനങ്ങളില്‍ നിന്ന് ട്രംപ് പിന്നോട്ടു പോകുകയാണെന്നും വാക്ക് പാലിക്കുന്നില്ലെന്നുമാണ് ഇന്ത്യയുടെ വിമര്‍ശനം. 
 
നിലവില്‍ ഇന്ത്യ അമേരിക്കയിലേക്ക് 86 ബില്യന്‍ ഡോളറിന്റെ ഉല്‍പന്ന കയറ്റുമതി നടത്തുന്നുണ്ട്. തിരികെ, അമേരിക്ക ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുന്നത് 45 ബില്യന്‍ ഡോളറിന്റെ ഉല്‍പന്നങ്ങളും. ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്കു തീരുവ വര്‍ധിപ്പിക്കുന്നതാണ് ഇപ്പോള്‍ ഇന്ത്യയുടെ പരിഗണനയില്‍. 
 
റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതാണ് ഇന്ത്യക്കെതിരായ യുഎസ് നീക്കത്തിനു പിന്നില്‍. എണ്ണ ഇറക്കുമതിയില്‍ റഷ്യ-ഇന്ത്യ സഹകരണത്തെ യുഎസ് എതിര്‍ക്കുന്നു. ട്രംപ് നേരത്തെ ഇന്ത്യക്കുമേല്‍ 25 ശതമാനം തീരുവ പ്രഖ്യാപിച്ചിരുന്നു. റഷ്യന്‍ എണ്ണ വാങ്ങുന്നത് തുടരുന്ന സാഹചര്യത്തില്‍ ഈ തീരുവ 25 ശതമാനത്തില്‍ നിന്ന് 50 ശതമാനമാക്കി ഉയര്‍ത്തിയിരിക്കുകയാണ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍