സമ്പൂര്‍ണ ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറി സംസ്ഥാനത്തെ രജിസ്ട്രേഷന്‍ ഇടപാടുകള്‍. അഞ്ച് ലക്ഷം രൂപയ്ക്ക് മുകളിലുള്ള മുദ്രപത്രങ്ങള്‍ 2017 മുതല്‍ തന്നെ ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറിയിരുന്നെങ്കിലും അതിനു താഴേക്കുള്ള മുദ്രപത്രങ്ങള്‍ കൂടി ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറിയതോടെ രജിസ്‌ട്രേഷന്‍ മേഖലയില്‍ ഇ-സ്റ്റാമ്പിംഗ് ഏര്‍പ്പെടുത്തുന്ന ആദ്യ സംസ്ഥാനമെന്ന നേട്ടത്തിലാണ് കേരളം. മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകുന്നതാണ് ഇ-സ്റ്റാമ്പിങ്.
സംസ്ഥാനത്തിന്റെ പ്രധാന വരുമാന മാര്‍ഗങ്ങളിലൊന്നായ രജിസ്‌ടേഷന്‍ മേഖലയിലെ സേവനങ്ങള്‍ കൂടുതല്‍ സുതാര്യതയോടെയും വേഗത്തിലും പൊതുജനങ്ങളില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇ-സ്റ്റാമ്പിംഗ് സേവനങ്ങള്‍ നടപ്പിലാക്കിയിരിക്കുന്നത്. https://www.estamp.treasury.kerala.gov.in/ വെണ്ടര്‍മാരുടെ തൊഴില്‍ നഷ്ടം പരിഗണിച്ച് അവരുടെ വരുമാനം നിലനിര്‍ത്തിയാണ് സേവനങ്ങള്‍ നല്‍കുന്നത്. ഇ-സ്റ്റാമ്പിംഗ് വഴി വെണ്ടര്‍മാര്‍ മുഖേന പൊതുജനങ്ങള്‍ക്ക് മുദ്രപത്രങ്ങള്‍ വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. വെണ്ടര്‍മാര്‍ക്ക് വെബ്സൈറ്റ് ഉപയോഗപ്പെടുത്തുന്നതിന് പ്രത്യേക ലോഗിന്‍ സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. മുദ്രപത്രങ്ങള്‍ കടലാസില്‍ അടിക്കുന്നത് ഒഴിവാകുന്നതിലൂടെ പ്രതിവര്‍ഷം 60 കോടിയില്‍പ്പരം രൂപ സര്‍ക്കാരിന് ലാഭമുണ്ടാകുമെന്നാണ് ഏകദേശ കണക്ക്.
രജിസ്ട്രേഷന്‍ വകുപ്പ് ആധുനികവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി പഴയ ആധാരങ്ങളുടെ ഡിജിറ്റൈസേഷന്‍ നടത്തി ആധാര പകര്‍പ്പുകള്‍ ഓണ്‍ലൈനായി ലഭ്യമാക്കിത്തുടങ്ങിയിട്ടുണ്ട്. കേരളത്തിന്റെ രജിസ്ട്രേഷന്‍ മേഖലയില്‍ സമഗ്രമായ ഇ-സ്റ്റാമ്പിംഗ് സേവനങ്ങള്‍ നടപ്പിലാക്കുന്നത് പ്രക്രിയകളില്‍ കാര്യക്ഷമതയും സുതാര്യതയും ഉറപ്പാക്കും. ഡിജിറ്റലൈസേഷന്‍ ശ്രമങ്ങളും നൂതനമായ പേയ്‌മെന്റ് സംവിധാനങ്ങളും അവതരിപ്പിക്കുന്നതിലൂടെ, പൊതുസേവനങ്ങള്‍ ആധുനികവല്‍ക്കരിക്കുന്നതിന് കേരളം രാജ്യത്തിന് തന്നെ വീണ്ടും മാതൃകയാകുകയാണ്.