ദിവ്യ എസ് അയ്യര്‍ക്കെതിരെ വിജിലന്‍സിനും കേന്ദ്ര പഴ്‌സനല്‍ മന്ത്രാലയത്തിനും പരാതി നല്‍കി കെഎം ഷാജഹാന്‍

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 12 മെയ് 2025 (11:49 IST)
ദിവ്യ എസ് അയ്യര്‍ക്കെതിരെ വിജിലന്‍സിനും കേന്ദ്ര പഴ്‌സനല്‍ മന്ത്രാലയത്തിനും പരാതി. വിഎസ് അച്യുതാനന്ദന്‍ പ്രതിപക്ഷ നേതാവായിരിക്കെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ എം ഷാജഹാനാണ് സാംസ്‌കാരിക വകുപ്പ് സെക്രട്ടറി കൂടിയായ ദിവ്യ എസ് അയ്യര്‍ക്കെതിരെ പരാതി നല്‍കിയത്. ദിവ്യാ തിരുവനന്തപുരം സബ് കളക്ടറായിരിക്കെ വര്‍ക്കലയിലെ സര്‍ക്കാര്‍ ഭൂമി സ്വകാര്യ വ്യക്തിക്ക് പതിച്ചു നല്‍കിയെന്നാണ് പരാതിയില്‍ പറയുന്നത്.
 
വര്‍ക്കല അയിരൂര്‍ വില്ലേജില്‍ സ്വകാര്യ വ്യക്തി കൈവശം വച്ചിരുന്ന 27 സെന്റ് ഭൂമി റോഡ് പുറമ്പോക്കാണെന്ന് കണ്ടെത്തി വര്‍ക്കല തഹസില്‍ദാര്‍ ഏറ്റെടുത്തിരുന്നു. ഇതിനെതിരെ സ്വകാര്യ വ്യക്തി ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ തീരുമാനമെടുക്കാന്‍ സബ് കളക്ടറെ ചുമതലപ്പെടുത്തി. ഇതിന് പിന്നാലെയാണ് തഹസില്‍ദാരുടെ നടപടി റദ്ദാക്കി സ്വകാര്യ വ്യക്തിക്ക് ഭൂമി കൈമാറാന്‍ നിര്‍ദ്ദേശിച്ചത്. ഇതിനെതിരെ സിപിഎം ജില്ലാ കമ്മിറ്റി ആരോപണം ഉന്നയിച്ചതും വി ജോയ് എംഎല്‍എ പരാതി നല്‍കിയതും ഷാജഹാന്‍ ചൂണ്ടിക്കാട്ടി.
 
ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ദിവ്യ പതിവായി ലംഘിക്കുന്നുവെന്ന് കാട്ടിയാണ് പേഴ്‌സണല്‍ മന്ത്രാലയത്തിന് പരാതി നല്‍കിയത്. സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നതിലും ചട്ടങ്ങള്‍ പാലിക്കുന്നില്ലെന്ന് പരാതിയില്‍ പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍