കര്‍ത്താവ് ചുമന്നതിലും വലിയ കുരിശല്ലെ ചുമക്കുന്നത്, അച്ചിവീട്ടിലെ താമസം മാറ്റു, ശബരീനാഥന്റെ ദുഃഖവെള്ളി പോസ്റ്റില്‍ കോണ്‍ഗ്രസ് പൊങ്കാല

അഭിറാം മനോഹർ

ശനി, 19 ഏപ്രില്‍ 2025 (13:42 IST)
സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെകെ രാഗേഷിനെ പുകഴ്ത്തി സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് പങ്കുവെച്ച ദിവ്യ എസ് അയ്യര്‍ ഐഎഎസിന്റെ നടപടിയില്‍ രാഷ്ട്രീയപോര് കടക്കുന്നതിനിടെ സാമൂഹമാധ്യമങ്ങളിലെ അധിക്ഷേപങ്ങളും അതിര് കടക്കുന്നു. ദിവ്യ എസ് അയ്യര്‍ക്കെതിരെയുണ്ടായ അധിക്ഷേപ കമന്റുകള്‍ക്കും സൈബര്‍ ആക്രമണത്തിനും പിന്നാലെ ദിവ്യ എസ് അയ്യരുടെ ഭര്‍ത്താവും കോണ്‍ഗ്രസ് നേതാവുമായ കെ എസ് ശബരീനാഥന്റെ ഫെയ്‌സ്ബുക്ക് പേജിലും പൊങ്കാലയിടുന്ന തിരക്കിലാണ് കോണ്‍ഗ്രസ് അണികള്‍.
 
ദുഃഖവെള്ളി ദിനത്തില്‍ ശബരിനാഥന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റിന് താഴെപോലും അതിരുവിട്ട രീതിയിലുള്ള അധിക്ഷേപങ്ങളാണ് പലരും കുറിച്ചിരിക്കുന്നത്. ദിവ്യ എസ് അയ്യര്‍ ശബരിനാഥനെ പോലും തള്ളികളയുന്ന കാലം വിദൂരമല്ലെന്ന് പല കമന്റുകളും പറയുന്നു. ദിവ്യയുടെ നടപടി ശബരിനാഥന്റെ പിതാവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന ജി കാര്‍ത്തികേയന്റെ പാരമ്പര്യത്തിന് നാണക്കേടുണ്ടാക്കുന്നതാണെന്നും കമന്റുകള്‍ പറയുന്നു.
 
 പിണറായി വിജയന് പാദസേവ ചെയ്യുകയാണ് ദിവ്യ എസ് അയ്യര്‍ ചെയ്യുന്നതെന്നും രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഐഎഎസ് ഉദ്യോഗസ്ഥയ്‌ക്കെതിരെ നിലപാട് പറയാന്‍ ശബരിനാഥന്‍ തയ്യാറാകണമെന്നും അല്ലെങ്കില്‍ കോണ്‍ഗ്രസ് വിടണമെന്നും പലരും പറയുന്നു. കര്‍ത്താവ് ചുമന്നതിലും വലിയ കുരിശാണ് ശബരിനാഥന്‍ ചുമക്കുന്നത് എന്ന് തുടങ്ങി പരിഹാസ കമന്റുകളും പോസ്റ്റിന് കീഴിലുണ്ട്.
 
 അതേസമയം രൂക്ഷവിമര്‍ശനം കോണ്‍ഗ്രസില്‍ നിന്ന് ഉയരുമ്പോഴും കെകെ രാഗേഷിനെ പറ്റിയുള്ള പോസ്റ്റ് പിന്‍വലിക്കാനോ വിവാദത്തില്‍ വിശദീകരണം നല്‍കാനോ ദിവ്യ തയ്യാറായിട്ടില്ല. പറഞ്ഞത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്ന നിലപാടാണ് ദിവ്യ മുന്നൊട്ട് വെയ്ക്കുന്നത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍