PV Anvar: ഇത്തവണ മത്സരിക്കില്ല, പക്ഷേ 2026 ല്‍ ഞാന്‍ തന്നെ; ജോയ് അന്‍വറിന്റെ നോമിനി?

രേണുക വേണു

ശനി, 19 ഏപ്രില്‍ 2025 (08:16 IST)
PV Anvar: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ആവര്‍ത്തിക്കുമ്പോഴും പി.വി.അന്‍വറിന്റെ ലക്ഷ്യം 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പ്. നിലമ്പൂര്‍ വിടാന്‍ ഉദ്ദേശമില്ലെന്ന് വ്യക്തമാക്കുകയാണ് അന്‍വര്‍. 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കുമെന്ന് അന്‍വര്‍ പറയുകയും ചെയ്യുന്നു. 
 
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ വി.എസ്.ജോയിയെ സ്ഥാനാര്‍ഥിയാക്കണമെന്ന് പി.വി.അന്‍വര്‍ കോണ്‍ഗ്രസിനോടു ആവശ്യപ്പെട്ടിട്ടുണ്ട്. ആര്യാടന്‍ ഷൗക്കത്തിനെ മത്സരിപ്പിക്കരുതെന്ന് അന്‍വര്‍ കോണ്‍ഗ്രസ് നേതൃത്വത്തോടു ആവശ്യപ്പെടുകയും ചെയ്തു. ജോയ് അല്ലാതെ മറ്റൊരു സ്ഥാനാര്‍ഥി വന്നാല്‍ തന്റെ പിന്തുണ യുഡിഎഫിനു ഉണ്ടാകില്ലെന്നാണ് അന്‍വറിന്റെ വെല്ലുവിളി. 
 
ഉപതിരഞ്ഞെടുപ്പില്‍ ജോയിയെ മത്സരിപ്പിച്ച ശേഷം 2026 നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് തിരിച്ചുവാങ്ങാനാണ് അന്‍വറിന്റെ നീക്കം. അതിനായി തന്റെ നോമിനി എന്ന നിലയിലാണ് ജോയിയെ അന്‍വര്‍ ഉയര്‍ത്തിക്കാണിക്കുന്നത്. അന്‍വറിന്റെ പിന്തുണയില്ലെങ്കില്‍ നിലമ്പൂരില്‍ കാര്യങ്ങള്‍ ബുദ്ധിമുട്ടിലാവുമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. അതുകൊണ്ടാണ് അന്‍വറിനെ പൂര്‍ണമായി തള്ളാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറാകാത്തത്. 
 
അതേസമയം ആര്യാടന്‍ ഷൗക്കത്തിനു സീറ്റ് നല്‍കാനാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നത്. ലീഗിന്റെ പിന്തുണയും ഷൗക്കത്തിനാണ്. സീറ്റ് ലഭിച്ചില്ലെങ്കില്‍ ആര്യാടന്‍ ഷൗക്കത്തിന്റെ നീക്കം എന്തായിരിക്കുമെന്ന് വ്യക്തമല്ല. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍