വിടുതൽ ഹർജിയുമായി ദിലീപ് ഹൈക്കോടതിയിലേക്ക്, വിചാരണ വൈകിപ്പിക്കാനെന്ന് വിമർശനം

Webdunia
ശനി, 4 ജനുവരി 2020 (13:55 IST)
കൊച്ചി: നടി അക്രമിക്കപ്പെട്ട കേസിൽ പ്രതിപ്പട്ടികയിൽനിന്നും ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ട് ദിലിപ് ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നു. വിടുതൽ ഹർജി പ്രത്യേക വിചാരണ കോടതി തള്ളിയ പശ്ചാത്തലത്തിലാണ് ദിലീപിന്റെ നിക്കം. അടുത്ത ആഴ്ച തന്നെ വിടുതൽ ഹജിയുമായി ദിലീപ് ഹൈക്കോടതിയെ സമീപിച്ചേക്കും. വിചാരണ വൈകിപ്പിക്കുകയാണ് വിടുതൽ ഹർജി നൽകുന്നതിലൂടെ ദിലീപ് ലക്ഷ്യമിടുന്നത് എന്ന് വിമർശനം ഉയർന്നുകഴിഞ്ഞു.
 
നടി അക്രമിക്കപ്പെട്ട കേസിൽ പ്രധാന തെളിവുകളിൽ ഒന്നായ ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് വിടുതൽ ഹർജിയുമായി ദിലീപ് വിചാരണ കോടതിയെ സമീപിച്ചത്. നിലവിലെ കുറ്റപത്രത്തിൽ തന്നെ വിചാരണ ചെയ്യാനുള്ള തെളിവില്ല. കേസിലെ ഒന്നാം പ്രതിയായ സുനിൽ കുമാറിന്റെ മൊഴി മാത്രമാണ് തനിക്കെതിരെ തെളിവായുള്ളത് എന്നും ദിലീപ് കോടതിയിൽ വാദിച്ചു. എന്നാൽ നടിയെ അക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയതിന്റെ സൂത്രധാരൻ ദിലീപ് ആണെന്നും, ഇതിനായി പണം കൈമാറിയതിന്റെ ഉൾപ്പടെ തെളിവുകൾ ഉണ്ട് എന്നും പ്രോസിക്യൂഷൻ ശക്തമായ മറുവാദം ഉന്നയിച്ചു.
 
ദിലീപിനെതിരെ പ്രഥമദൃഷ്ടിയാൽ തന്നെ തെളിവുകൾ ഉണ്ട് എന്നും ദിലീപ് വിചാരണ നേരിടേണ്ടിവരും എന്നും കോടതി ഉത്തരവിടുകയായിരുന്നു. കൂടുതൽ സമയം അനുവദിക്കണം എന്ന ദിലീപിന്റെ അഭിഭാഷകരുടെ ആവശ്യവും കോടതി അംഗീകരിച്ചില്ല. കേസിൽ വിചാരണ പൂർത്തിയാക്കാൻ ആറുമാസം മാത്രമാണ് സമയം ഉള്ളത് എന്നും അതിനാൽ വിടുതൽ ഹർജിയിൽ ഇപ്പോൾ തന്നെ തീരുമാനം എടുക്കുകയാണ് എന്നും കോടതി വ്യക്തമാക്കുകയായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article