ബിന്ദുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചു; മകന് സര്‍ക്കാര്‍ ജോലി നല്‍കും

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 10 ജൂലൈ 2025 (13:12 IST)
കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി കെട്ടിടം തകര്‍ന്നുവീണു മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. മകന് സര്‍ക്കാര്‍ ജോലിയും നല്‍കും. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് ഈ കാര്യം തീരുമാനിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജ് ഫണ്ടില്‍ നിന്ന് 50,000 രൂപ പ്രാഥമിക ധനസഹായം നല്‍കിയ സര്‍ക്കാര്‍ മകന് താല്‍ക്കാലിക ജോലി നല്‍കുമെന്നായിരുന്നു അറിയിച്ചിരുന്നത്.
 
എന്നാല്‍ സ്ഥിരം ജോലി വേണമെന്ന കുടുംബത്തിന്റെ ആവശ്യം പരിഗണിച്ചാണ് മന്ത്രിസഭാ ഇതു സംബന്ധിച്ച തീരുമാനമെടുത്തത്. മകന്റെ ജോലിയും മകളുടെ ചികിത്സയും ഉറപ്പാക്കുമെന്ന് മന്ത്രി വാസവന്‍ നേരത്തേ പറഞ്ഞിരുന്നു. ബിന്ദുവിന്റെ മകള്‍ നവമിയുടെ ചികിത്സ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും മന്ത്രി പറഞ്ഞു. ബിന്ദുവിന്റെ തലക്കേറ്റ ഗുരുതര പരിക്കും ആന്തരിക രക്തസ്രാവവും മരണത്തിന് കാരണമായതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. തകര്‍ന്നുവീണ കെട്ടിടത്തിലെ ശൗചാലയത്തിലേക്ക് പോയ അമ്മ തിരികെ വന്നില്ലെന്നും ഫോണ്‍ വിളിച്ചിട്ട് എടുക്കുന്നില്ലെന്നും ബിന്ദുവിന്റെ മകള്‍ പറഞ്ഞിരുന്നു.
 
പിന്നാലെയാണ് ജെസിബി എത്തിച്ച് അഗ്നിശമന സേനാംഗങ്ങളും പോലീസും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ബിന്ദുവിനെ കണ്ടെത്തി അത്യാഹിത വിഭാഗത്തില്‍ എത്തിച്ച് അടിയന്തര ചികിത്സ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ബിന്ദുവിന്റെ മകള്‍ ട്രോമാകെയറില്‍ ചികിത്സയിലായിരുന്നു. മെഡിക്കല്‍ കോളേജിന്റെ പതിനാലാം വാര്‍ഡിന്റെ ശുചിമുറികള്‍ ഉള്‍പ്പെടുന്ന ഭാഗമാണ് ഇടിഞ്ഞു വീണത്. ബിന്ദുവിനെ കണ്ടെത്തി അത്യാഹിത വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചിരുന്നില്ല.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍