മാധ്യമ വിലക്ക് വാര്‍ത്ത ഉള്‍പേജിലൊതുക്കി പ്രമുഖ മലയാള പത്രങ്ങള്‍, ഇംഗ്ലീഷ് പത്രങ്ങളില്‍ വാര്‍ത്ത ഒന്നാം പേജില്‍

ചിപ്പി പീലിപ്പോസ്
ശനി, 7 മാര്‍ച്ച് 2020 (07:50 IST)
കേരളത്തിലെ രണ്ട് പ്രമുഖ ചാനലുകളായ ഏഷ്യാനെറ്റ് ന്യൂസിനേയും മീഡിയ വണ്ണിനേയും ഡൽഹി കലാപം റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ കേന്ദ്ര വാര്‍ത്ത വിതരണ മന്ത്രാലയം 48 മണിക്കൂറിലേക്ക് വിലക്കിയ വാർത്ത ഉൾപേജുകളിൽ ഒതുക്കി കേരളത്തിലെ തന്നെ മറ്റ് പ്രമുഖ മാധ്യമങ്ങൾ. 
 
ഇന്നലെ നിരോധനം വന്ന് ഏറെ വൈകാതെ ബ്രേക്കിംഗ് ന്യൂസ് ആയി വാർത്ത നൽകിയത് കൈരളി മാത്രമായിരുന്നു. പിന്നീട് മണിക്കൂറുകള്‍ കഴിഞ്ഞാണ് മറ്റ് മുഖ്യധാര മാധ്യമങ്ങൾ വാര്‍ത്ത നല്‍കിയത്. കേരളത്തിലെ ഏറ്റവും ജനപ്രീതിയുള്ള മലയാള മനോരമയും മാതൃഭൂമിയുമാണ് മാധ്യമ നിരോധന വാര്‍ത്ത ഉൾപേജിൽ ഒതുക്കിയത്.
 
ഡല്‍ഹി ആക്രമം റിപ്പോര്‍ട്ട് ചെയ്യുമ്പോൾ ഒരു സമുദായത്തിനൊപ്പം ചേര്‍ന്നുനിന്നുവെന്നും ആരാധാനലായങ്ങള്‍ ആക്രമിക്കപ്പെട്ട വാര്‍ത്ത പ്രധാന്യത്തോടെ നല്‍കിയെന്നുമായിരുന്നു ഏഷ്യാനെറ്റിനെതിരെയുള്ള ആരോപണം. എന്നാല്‍ ആര്‍എസ്എസ്സിനെയും ഡല്‍ഹി പൊലീസിനെതിരെയും വാര്‍ത്ത നല്‍കിയെന്നതാണ് മീഡിയ വണ്ണിനെതിരെ കണ്ടെത്തിയ കുറ്റം.
 
ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട സംഭവമായിരുന്നിട്ടു കൂടി മറ്റ് മാധ്യമങ്ങൾ ഇതിനെ  പ്രാധാന്യത്തോടെ കാണാതെ അലസമായാണ് കണ്ടിരിക്കുന്നതെന്ന് ഇതിലൂടെ തന്നെ വ്യക്തം. അതേസമയം, കേരളത്തിലെ പ്രമുഖ ഇംഗ്ലീഷ് പത്രങ്ങളായ ദി ഹിന്ദുവും ടൈംസ് ഓഫ് ഇന്ത്യയും വാര്‍ത്ത പ്രാധാന്യത്തോടെ നല്‍കിയിട്ടുണ്ട്. 
 
ദി ഹിന്ദു ഒന്നാം പേജില്‍ നാല് കോളം വിശദമായ വാർത്തയാണ് നൽകിയിരിക്കുന്നത്. ടൈംസ് ഓഫ് ഇന്ത്യയും ഒന്നാം പേജിൽ ഒരു ചെറിയ വാർത്തയെന്നോണം നൽകിയിട്ടുണ്ട്. എന്നാലും ഉൾപേജിൽ വളരെ വിശദമായി തന്നെ വാർത്ത നൽകികഴിഞ്ഞു. രണ്ട് ചാനലുകള്‍ നിരോധിച്ച നടപടിക്കെതിരെ ശക്തമായി പ്രതികരിക്കാൻ പോലും മറ്റ് മാധ്യമങ്ങൾ മടികാണിക്കുന്നുവെങ്കിൽ അതിനു മത്സരബുദ്ധിയെന്നേ കാണാനാകൂ. ഇത്തരമൊരു അവസ്ഥയുണ്ടായിട്ടും മിണ്ടാതിരുന്നാൽ പിന്നീട് എപ്പോഴും കുനിഞ്ഞ് നടക്കേണ്ടി വരുമെന്ന് സോഷ്യൽ മീഡിയ മുന്നറിയിപ്പ് നൽകുന്നുണ്ട്.   

അനുബന്ധ വാര്‍ത്തകള്‍

Next Article