ഡൽഹി കലാപം റിപ്പോർട്ട് ചെയ്തു; ഏഷ്യാനെറ്റിനും മീഡിയ വണ്ണിനും 48 മണിക്കൂർ വിലക്ക്

ചിപ്പി പീലിപ്പോസ്

ശനി, 7 മാര്‍ച്ച് 2020 (07:40 IST)
ഡല്‍ഹി കലാപം റിപ്പോര്‍ട്ട് ചെയ്ത മലായാള വാര്‍ത്താ ചാനലുകളായ ഏഷ്യാനെറ്റ് ന്യൂസിന്റേയും മീഡിയ വണ്ണിന്റെയും സംപ്രേഷണം 48 മണിക്കൂര്‍ നിരോധിച്ചെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. കേബിൾ ടെലിവിഷൻ നെറ്റ്‌വർക്ക് ചട്ടങ്ങളുടെ ലംഘനമുണ്ടായെന്ന വിലയിരുത്തലിനെ തുടർന്നാണ് ഈ പ്രതികാര നടപടി.
 
ഇന്നലെ രാത്രി 7.30 മുതലാണ് ഇരു ചാനലുകളുടെയും സംപ്രേഷണം മുടങ്ങിയത്. ഞായറാഴ്ച വൈകുന്നേരം 7.30 വരെയാണ് സംപ്രേഷണ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. കലാപത്തില്‍ കേന്ദ്രസര്‍ക്കാരും പൊലീസും കാണിക്കുന്ന അലസ മനോഭാവവും, സംഘപരിവാര്‍ ബന്ധവുമെല്ലാം ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആരാധനാലയങ്ങൾക്കു നേരെയുള്ള അതിക്രമങ്ങൾ എടുത്തുകാട്ടിയെന്നും ഒരു വിഭാഗത്തോടു പക്ഷം പിടിച്ചെന്നുമാണ് ചാനലുകൾക്കെതിരെ ഉയരുന്ന ആരോപണം.
 
ആർഎസ്എസിനെയും ഡൽഹി പൊലീസിനെയും വിമർശിച്ചതും മീഡിയ വണ്ണിന്റെ പിഴവായി ഉത്തരവിൽ പറയുന്നു. ഈ ചാനലുകള്‍ അപ്ലിങ്ക് ചെയ്യുന്ന സ്വകാര്യ ഏജന്‍സികളോടാണ് കേന്ദ്ര സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്താനായി ആവശ്യപ്പെട്ടത്. രണ്ട് ചാനലുകള്‍ക്കും ഈ വിഷയത്തിൽ നേരെത്തേ സർക്കാരിന്റെ നോട്ടീസ് ലഭിച്ചിരുന്നു. മറുപടി നൽകിയെങ്കിലും ഇത് തള്ളിക്കൊണ്ടായിരുന്നു ഇപ്പോഴത്തെ ഈ പ്രതികാര നടപടി.  
 
വാര്‍ത്താ മാധ്യമങ്ങളുടെ പ്രവര്‍ത്തനത്തിലേക്ക് സര്‍ക്കാര്‍ ഇടപ്പെടുന്നതില്‍ പ്രതിഷേധിച്ച് സമൂഹമാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍