ഡൽഹി കലാപത്തിൽ മാർച്ച് 11ന് പാർലമെന്റിൽ ചർച്ച, അമിത് ഷാ മറുപടി പറയും

വെള്ളി, 6 മാര്‍ച്ച് 2020 (19:59 IST)
ഡൽഹി: ഡൽഹി കലാപത്തിൽ ഈ മാസം 11ന് പാർലമെന്റിൽ ചർച്ച നടക്കും. വോട്ടെടുപ്പില്ലാത്ത ചർച്ചയാവും നടക്കുക എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സഭാ നടപടികൾ തടസപ്പെടുത്താതെ പ്രതിപക്ഷം ചർച്ചയിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്ന് പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി വാർത്താ ഏജൻസിയോട് പറഞ്ഞു.
 
ചർച്ച നടത്തണം എന്നത് പ്രതിപക്ഷത്തിന്റെ ആവശ്യമായിരുന്നു, ഇപ്പോൾ സ്ഥിതിഗതികൾ സാധാരണഗതിയിൽ എത്തിയിട്ടുണ്ട്. അതിനാൽ ചർച്ച നടത്തുന്നതിതിൽ സർക്കാരിന് യാതൊരു പ്രശ്നവുമില്ല എന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകും. ഡൽഹി കലാപത്തിൽ പാർലമെന്റിൽ ചർച്ച നടത്തണം എന്ന് പ്രതിപക്ഷം ശക്തമായ ആവശ്യം ഉന്നയിച്ചിരുന്നു. 
 
എന്നാൽ ചർച്ചക്കുള്ള സമയം ഇതല്ലാ എന്നും ഹോളിക്ക് ശേഷം ചർച്ചയാവാം എന്നുമായിരുന്നു സ്പീക്കർ ഓം ബിർള നിലപാടെടുത്തത്. ഇതിനെ ശക്തമായ ഭാഷയിലാണ് പ്രതിപക്ഷം വിമർശിച്ചത്. കലാപത്തിൽ ബന്ധുക്കൾ നഷ്ടപ്പെട്ടവർക്ക് ഹോളി ആഘോഷിക്കാനാകുമോ എന്നും കലാപത്തിൽ കൊല്ലപ്പെട്ട പൊലീസുകാരുടെ കുടുംബത്തിന് ഹോളി അഘോഷിക്കാൻ സാധിക്കുമോ എന്നും ചോദിച്ചുകൊണ്ടായിരുന്നു പ്രതിപക്ഷത്തിന്റെ വിമർശനം. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍