താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍ക്ക് വെട്ടേറ്റു. ആശുപത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ വിപിന്റെ തലയ്ക്കാണ് വെട്ടേറ്റത്.താമരശ്ശേരിയില്‍ അമീബിക് മസ്തിഷ്‌ക് ജ്വരം പിടിപ്പെട്ട് മരിച്ച 9 വയസുകാരിയുടെ പിതാവാണ് വിപിനെ വെട്ടിപരിക്കേല്‍പ്പിച്ചത്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. വെട്ടെറ്റ ഡോക്ടറുടെ പരിക്ക് സാരമുള്ളതല്ല. ഡോക്ടറെ ചികിത്സയ്ക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
മകള്‍ക്ക് മതിയായ ചികിത്സ ലഭിച്ചില്ലെന്ന് ആരോപിച്ചാണ് ആക്രമണമുണ്ടായത്. കഴിഞ്ഞ ആഗസ്റ്റ് 14നാണ് സനൂപിന്റെ മകളായ അനയ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചത്. പനി മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ആദ്യം താമരശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലും എത്തിച്ചെങ്കിലും അനയയുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചത്.അനയയുടെ സഹോദരനും രോഗം സ്ഥിരീകരിച്ചിരുന്നു.