ഇംഗ്ലണ്ടിൽ പുതിയ കെട്ടിടങ്ങളിൽ കാർ ചാർജറുകൾ നിർബന്ധമാക്കി നിയമം വരുന്നു

Webdunia
തിങ്കള്‍, 22 നവം‌ബര്‍ 2021 (19:56 IST)
ഇംഗ്ലണ്ടില്‍ പുതിയതായി നിര്‍മിക്കുന്ന കെട്ടിടങ്ങളില്‍ ഇനി ഇലക്ട്രിക് വാഹന ചാര്‍ജറുകളും സ്ഥാപിക്കേണ്ടിവരും. ഇത് നിർബന്ധമാക്കികൊണ്ട് നിയമം പ്രഖ്യാപിക്കാനൊരുങ്ങുകയാണ് സർക്കാർ. അടുത്ത വർഷം മുതലാണ് നിയമം പ്രാബല്യത്തിൽ വരിക. ഇതുവഴി രാജ്യത്തുടനീളം 1,45,000 ചാര്‍ജിങ് പോയിന്റുകള്‍ സ്ഥാപിക്കപ്പെടുമെന്ന് സര്‍ക്കാര്‍ പറഞ്ഞു. 
 
പുതിയതായി നിര്‍മിക്കുന്ന സൂപ്പര്‍മാര്‍ക്കറ്റുകള്‍, ജോലിസ്ഥലങ്ങള്‍, പുതുക്കിപ്പണിയുന്ന കെട്ടിടങ്ങള്‍ എന്നിവയ്‌ക്കെല്ലാം ഈ നിയമം ബാധകമാവും. പൂർണമായി ഇലക്‌ട്രിക് വാഹനങ്ങളിലേക്ക് മാറുന്നതിനായാണ് സർക്കാർ നീക്കം. 2030 മുതൽ പെട്രോള്‍, ഡീസല്‍ കാറുകള്‍ക്ക് നിരോധനമേര്‍പ്പെടുത്താനും രാജ്യം ലക്ഷ്യമിടുന്നു.
 
കോണ്‍ഫെഡറേഷന്‍ ഓഫ് ബ്രിട്ടീഷ് ഇന്‍ഡസ്ട്രീസ് കോണ്‍ഫറന്‍സില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് പുതിയ നീക്കത്തെ പറ്റി പ്രധാനമന്ത്രി ബോറിസ് ജോൺസൺ വെളിപ്പെടുത്തിയത്.നിലവില്‍ 25,000 ചാര്‍ജിങ് പോയിന്റുകളാണ് ബ്രിട്ടനിലുള്ളത്. 2030 ആവുമ്പോഴേക്കും ഇതിന്റെ പത്തിരട്ടി പോയിന്റുകൾ നിയമത്തോടെ നിലവിൽ വരും.
 
കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് ബ്രിട്ടന്‍ സമ്പൂര്‍ണമായും വൈദ്യുതി വാഹനങ്ങളിലേക്ക് മാറാനൊരുങ്ങുന്നത്.മുന്‍നിര കാര്‍ നിര്‍മാതാക്കളെല്ലാം തന്നെ 2030ഓടെ ഇലക്‌ട്രിക് കാറുകളിലേക്ക് മാറാനാണ് ഉദ്ദേശിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article