ടി20 ലോകകപ്പിലെ ആദ്യ സെമിഫൈനൽ മത്സരങ്ങൾ ഇന്ന്, നേർക്ക്‌നേർ ഏറ്റുമുട്ടുന്നത് തുല്യശക്തികൾ

ബുധന്‍, 10 നവം‌ബര്‍ 2021 (14:14 IST)
ടി20 ലോകകപ്പ് സെമി ഫൈനൽ മത്സരങ്ങൾക്ക് ഇന്ന് തുടക്കം.ടൂർണമെന്റിലെ ശ‌ക്തരായ ഇംഗ്ലണ്ടും ന്യൂസിലൻഡും ഇന്ന് ഏറ്റുമുട്ടുമ്പോൾ 2019ലെ ഏകദിന ലോകകപ്പ് ഫൈനൽ മത്സരത്തിന്റെ പകരം വീട്ടാനുള്ള അവസരമാകും ന്യൂസിലൻഡിനിത്. കളിയുടെ ഏത് ഘട്ടത്തിലും സ്കോർ ഉയർത്താൻ കെൽപ്പുള്ള ബാറ്റിങ് നിരയാണ് ഇംഗ്ലണ്ടിന്റെ കരുത്തെങ്കിൽ ബൗളിങാണ് ന്യൂസിലൻഡിന്റെ കരുത്ത്.
 
ജോസ് ബട്ട്‌ലർ, ജോണി ബെയർസ്റ്റോ,ഓയിൻ മോർഗാൻ ഡെവിഡ് മലാൻ എന്നിവർക്കൊപ്പം മോയിൻ അലിയും ബാറ്റ് കൊണ്ട് കരുത്ത് കാണിക്കുന്ന താരമാണ്. അതേസമയം ജേസൺ റോയിയുടെ അഭാവം ഇംഗ്ലണ്ടിന് കനത്ത തിരിച്ചടി‌യാവും. എതിര്‍ ബാറ്റിംഗ് നിരയുടെ ബോള്‍ട്ടിളക്കുന്ന ട്രെന്റ് ബോള്‍ട്ടാണ് കിവീസ് വേഗത്തിന്റെ കുന്തമുന. ലോകകപ്പില്‍ 5.84 ശരാശരിയിൽ 11 വിക്കറ്റാണ് ബോൾട്ട് വീഴ്‌ത്തിയത്.
 
 ബോള്‍ട്ട്, ടിം സൗത്തി, ജയിംസ് നീഷം എന്നീ മൂന്ന് പ്രധാന ബൗളര്‍മാരുടേയും ശരാശരി ആറോ അതില്‍ താഴെയോയാണ്. ന്യൂസീലന്‍ഡ് ബൗളിംഗിന്റെ ആഴം വ്യക്തമാക്കുന്നതാണിത്. മാത്രമല്ല, കഴിഞ്ഞ മത്സരത്തില്‍ ആഡം മില്‍നെ ഫോമിലേക്കെത്തിയതും ന്യൂസിലൻഡിന് ശുഭസൂചനയാണ്. അബുദാബിയിലേത് നീളമേറിയ ബൗണ്ടറിയാണ് എന്നതും കിവികൾക്ക് ആശ്വാസം പകരും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍